തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുനമർദമായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്നു യെലോ അലര്‍ട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ തിങ്കളാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയും യെലോ അർട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതാ നിർദേശമുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.