കളമശ്ശേരി: എറണാകുളം കളമശ്ശേരിയിൽ പ്രമുഖ സൂപ്പർമാർക്കറ്റിൽ നിന്ന് പഴകിയ വില്പന യോഗ്യമല്ലാത്ത ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വില്പന കാലാവധി തീർന്ന കേക്ക്, പൂപ്പൽ കയറിയ ബ്രെഡ് ഉൾപ്പടെ എട്ട് ഉല്പന്നങ്ങളാണ് കണ്ടെടുത്തത്.
കൊച്ചി സ്വദേശിയുടെ പരാതിയെ തുടർന്നാണ് കളമശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ സൂപ്പർമാർക്കറ്റിന് നോട്ടീസ് അയക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. തുടർനടപടിക്കായി ഭക്ഷ്യസുരക്ഷ വിഭാഗത്തിനും പൊലീസിനും വിവരങ്ങൾ കൈമാറിയെന്ന് നഗരസഭ ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിശദമാക്കി.
ഓഗസ്റ്റ് അവസാന വാരത്തിൽ ബെംഗളുരുവിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ സൂപ്പർ മാർക്കറ്റിനെതിരെ പരാതി നൽകിയ ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നഷ്ടപരിഹാരം നൽകാൻ വിധി വന്നിരുന്നു. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഓട്സ് വില്പന നടത്തിയ ജയ നഗറിലെ സൂപ്പർമാർക്കറ്റിനെതിരെ ബെംഗളൂരു സ്വദേശിയായ ഉപഭോക്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമ നടപടി. ചികിത്സാ ചെലവുകളും നിയമ ചെലവുകളും ഉൾപ്പെടെ പരാതിക്കാരൻ അനുഭവിച്ച എല്ലാ നഷ്ടങ്ങൾക്കും ചേർത്ത് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ കടയുടമയോട് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്.
നേരത്തെ ഫെബ്രുവരി മാസത്തിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്കു എം.ആർ.പിയേക്കാൾ മൂന്നുരൂപ കൂടുതൽ ഈടാക്കിയ ചങ്ങനാശേരിയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ഉപഭോക്താവിന് 10000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടിരുന്നു. മാമ്മൂട് സ്വദേശി വിനോദ് ആന്റണിയുടെ പരാതിയിലായിരുന്നു നടപടി. 2021 സെപ്റ്റംബറിലാണ് വിനോദ് ചങ്ങനാശേരി പാറേൽപ്പള്ളിയിലുള്ള സൂപ്പർ മാർക്കറ്റിൽ നിന്ന് കെഎൽഎഫിന്റെ ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയത്. വെളിച്ചെണ്ണയുടെ പാക്കറ്റിൽ 235 രൂപയാണ് എംആർപിയായി പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ വിനോദിൽ നിന്ന് 238 രൂപ സ്ഥാപനം ഈടാക്കിയെന്നതായിരുന്നു പരാതി.