ആനന്ദത്തോടെ ഈ ആനവിശേഷം, കരിയാട്ടം കെങ്കേമം

Advertisement

പത്തനംതിട്ട. ആനയെപ്പറ്റി പറഞ്ഞാല്‍ അഞ്ചുമിനിറ്റുനില്‍ക്കാതെ മലയാളി പോവില്ല, ആനവിശേഷങ്ങള്‍ക്ക് അത്രവിലയാണ് മലയാളി നല്‍കുന്നത്, കാര്യമിതൊക്കെയാണെങ്കിലും ആനക്കമ്പം പൂരക്കമ്പത്തില്‍ തീരുന്നതാണ് വഴക്കം. ഇവിടെ ഒരു കൂട്ടം ആള്‍ക്കാര്‍ നാടിന്‍റെ ആനയോളം പോന്ന ആനപ്പെരുമയ്ക്ക് നെറ്റിപ്പട്ടവും തിടമ്പുമേറ്റുകയാണ്. കോന്നിയുടെ സംസ്കാരിക പൈതൃകവും ചരിത്രവും വിളിച്ചോതി സംഘടിപ്പിച്ച കരിയാട്ടം അരങ്ങേറി. നൂറുകണക്കിന് ആന വേഷധാരികളും പതിനൊന്നോളം ആനകളും കരിയാട്ടത്തിന്റെ ഭാഗമായി. കരിയാട്ടം ടൂറിസം എക്സ്പോക്ക് സമാപനം കുറിച്ചായിരുന്നു പുത്തൻ കലാരൂപമായ കരിയാട്ടം അരങ്ങേറിയത്.

ആനയാഘോഷങ്ഹളും ആനപ്പെരുമയും എമ്പാടുമുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ആനയെ പ്രമേയമാക്കി ഒരു ടൂറിസം എക്സ്പോ സംഘടിപ്പിക്കുന്നത്. കൂടാതെ ആനയെ കേന്ദ്രമാക്കി കോന്നിയിൽ നിന്ന് കരിയാട്ടം എന്ന ഒരു പുതിയ കലാരൂപം കൂടി ഉദയം കൊണ്ടു. കോന്നിക്കാരുടെ ആനക്കമ്പത്തെ കരിയാട്ടം തുറന്നുകാട്ടുന്നുണ്ട്.

കഴിഞ്ഞ 15 ദിവസമായി കോന്നിയിൽ നടന്നു വന്നിരുന്ന കരിയാട്ടം ടൂറിസം എക്സ്പോയുടെ സമാപന ഘോഷയാത്രയിൽ ആനവേഷമണിഞ നൂറുകണക്കിന് ആളുകളും, പത്തോളം ആനകളും അണിനിരന്നു. കോന്നിയുടെ സംസ്കാരിക പൈതൃകം വിളിച്ചോതുന്ന മറ്റ് കലാ രൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി. മഴയുണ്ടായിട്ടും കരിയാട്ടൻ കാണാൻ എത്തിയത് ആയിരങ്ങളാണ്.

തൃശ്ശൂരിന് പുലികളി എന്ന പോലെ വലിയ ജനശ്രദ്ധ നേടുകയാണ് കോന്നിയുടെ തനത് കലാരൂപമായ കരിയാട്ടവും.കരിയാട്ടം പിഴവുതീര്‍ത്ത് മിഴിവോടെ ഇനിയും വരുമെന്ന് ജനങ്ങളുടെ താല്‍പര്യം വ്യക്തമാക്കുന്നു.

Advertisement