കൊല്ലത്തെ വിവാദ എസ്ഐ പരീക്ഷാ തട്ടിപ്പ് കേസ്, പ്രതികളെ വെറുതെവിട്ടു

Advertisement

കൊല്ലം. ഏറെ ഒച്ചപ്പാടുണ്ടാക്കിയ പിഎസ് സി പരീക്ഷാ ത്തട്ടിപ്പ് കേസില്‍ ഒടുവില്‍ വിധി. 2010ൽ പിഎസ്.സി നടത്തിയ എസ്‌.ഐ പരീക്ഷയ്ക്കിടെ ക്രമക്കേട് നടത്തിയെന്ന കേസിലെ രണ്ട് പ്രതികളെയും കോടതി വെറുതെവിട്ടു. ഒന്നാം പ്രതി ചവറ മുകുന്ദപുരം വരവിള വീട്ടിൽ ബൈജു,രണ്ടാം പ്രതി കോയിവിള ചുന്തൻറയ്യത്ത് വീട്ടിൽ ആർ ദിലീപ് ചന്ദ്രൻ എന്നിവരെയാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഞ്ജു മീരാ ബിർള വിട്ടയച്ചത്.

പിഎസ്.സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഒൻപത് കേസുകളിൽ വിചാരണ പൂർത്തിയായ ആദ്യ കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്. 2010 ഒക്ടോബർ 12 ന് നടന്ന പരീക്ഷയിൽ കൊല്ലം ക്രേവൻ സ്കൂളിലാണ് പോലീസുദ്യോഗസ്ഥനായ ഒന്നാം പ്രതി ബൈജു പരീക്ഷയെഴുതിയത്. ഇയാൾ ശരീരത്തിൽ ഒളിപ്പിച്ച മൊബൈലിലൂടെ ചോദിച്ച ചോദ്യങ്ങൾക്ക് മറ്റൊരു മൊബൈലിൽ നിന്ന് വിദ്യാഭ്യാസ വകുപ്പിൽ ക്ളർക്കായ രണ്ടാംപ്രതി ഉത്തരങ്ങൾ പറഞ്ഞു കൊടുത്തുവെന്നും പരീക്ഷയ്ക്കിടെ സംശയം തോന്നിയ ഇൻവിജിലേറ്റർ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തെന്നുമാണ് പ്രോസിക്യൂഷൻ കേസ്. വിശ്വാസവഞ്ചന,തട്ടിപ്പ്,തെളിവ് നശിപ്പിക്കൽ ,ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. പരീക്ഷ പിന്നീട് റദ്ദാക്കിയെന്നും പുതിയ പരീക്ഷ നടത്തുക വഴി പിഎസ്.സിക്ക് ഒന്നരലക്ഷത്തോളം രൂപ നഷ്ടം വന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പി.എസ്.സി സെക്രട്ടറിയടക്കം 25 സാക്ഷികളെ വിസ്തരിച്ച കേസിൽ 56 രേഖകളും 4 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.പ്രതികളുടെ ഫോൺരേഖകളും ഡിജിറ്റൽ തെളിവുകളും തെളിവിൽ സ്വീകരിച്ചിരുന്നു. കൊല്ലം ഡിവൈഎസ്പി ആയിരുന്ന ബി കൃഷ്ണകുമാറാണ് പരീക്ഷാ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്.കേസിലെ അന്തിമവാദത്തിനിടെ രണ്ടാം പ്രതിക്കെതിരെ കൂടുതൽ തെളിവിനായി കേസ് ഡയറി കോടതി പരിശോധിക്കണമെന്നും ഇയാളുടെ സിഡി രൂപത്തിലുള്ള ഫോൺരേഖകൾ കോടതി തുറന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജികൾ കോടതി നേരത്തെ തള്ളിയിരുന്നു.ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. വേണു.ജെ.പിള്ള, രണ്ടാംപ്രതിക്ക് വേണ്ടി അഡ്വ. ദീപക് അനന്തൻ എന്നിവർ കോടതിയിൽ ഹാജരായി.

Advertisement