കോട്ടയം.ഉമ്മൻചാണ്ടിക്കുശേഷം തങ്ങളുടെ പ്രതിനിധി ആരെന്ന് തീരുമാനിക്കാന്‍ പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. അതിനുമുമ്പുള്ള വീര്‍പ്പടക്കലാണിന്ന്. പുതുപ്പള്ളി ഇതുവരെ കാണാത്തപ്രചരണ തന്ത്രങ്ങളും കുതന്ത്രങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി ആർക്കൊപ്പം നിൽക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
തെരഞ്ഞെടുപ്പ് നടപടികൾക്കുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥവൃന്ദം.
ഉമ്മൻചാണ്ടിയുടെ ഓർമകൾ, വികസന ചർച്ചകൾ, രാഷ്ട്രീയ വിവാദങ്ങൾ ,ഭരണപരാജയം മുന്നണികൾ കൊണ്ടും കൊടുത്തും ഇളക്കി മറിച്ച പുതുപ്പള്ളിയിൽ ജനങ്ങളുടെ മനസ്സിലിരുപ്പ് നാളെ ബാലറ്റിൽ പതിയും. ഭരണത്തെ ഒരു വിധത്തിലും സ്വാധീനിക്കില്ലെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ നിർണായകം തന്നെയാണ്. പ്രചരണ രംഗത്ത് രാഷ്ട്രീയ ചർച്ചകൾ ഏറെ ഇടം പിടിച്ചെങ്കിലും തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ച അദൃശ്യ സാന്നിധ്യം ഉമ്മൻചാണ്ടി തന്നെയായിരുന്നു. യുഡിഎഫ് ന്റെ പ്രതീക്ഷയും ഉമ്മൻചാണ്ടിയിൽ തന്നെയാണ്
തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി ഒരു ഫാക്ടർ തന്നെയാണെന്നും ഭൂരിപക്ഷം 33000 വോട്ടുകൾക്ക് മുകളിലായിരിക്കും എന്നും അച്ചു ഉമ്മൻ പറയുന്നു.
എന്നാൽ, ഉമ്മൻചാണ്ടി മത്സരിച്ചപ്പോഴുള്ള ജനപിന്തുണ ഇനി യുഡിഎഫിന് ലഭിക്കില്ലെന്നാണ് ഇടതു ക്യാമ്പിന്റെ കണക്ക് കൂട്ടൽ. പുതുപ്പള്ളിയിൽ അവർ ജയ്ക്കിന് വിജയം ഉറപ്പിക്കുകയും ചെയ്യുന്നു.
തെരഞ്ഞെടുപ്പ് സാമഗ്രികൾ പോളിംഗ് ബൂത്തുകളിലേക്ക് എത്തിച്ചു തുടങ്ങി. തെരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇലക്ഷൻ കമ്മീഷൻ.
തലമുറ മാറ്റം തീരുമാനിക്കപ്പെട്ടു.പരാജയം ആരുടേതായാലും നിസാരമായിരിക്കില്ല, അടിയൊഴുക്കുകളിൽ അടിയറവ് പറയുന്നതാരെന്നറിയാൻ ഇനി വെറും മൂന്ന് ദിവസത്തെ കാത്തിരുപ്പ്.