കൊച്ചി: കേരള ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശൂർ സ്വദേശിയായ വിഷ്ണുവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു സംഭവം. യുവാവിനൊപ്പം പോകില്ലെന്ന് പെൺസുഹൃത്ത് കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷ്ണു ആത്മഹത്യക്കു ശ്രമിച്ചത്.
ഹേബിയസ് കോർപ്പസ് പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിനു പുറത്തായിരുന്നു സംഭവം. വിഷ്ണു കുറച്ചു നാളുകളായി പെണ്‍സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഹേബിയസ് കോർപ്പസിന്റെ അടിസ്ഥാനത്തിൽ യുവതിയെ കോടതിയിൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.
കോടതിയിൽ ഹാജരായപ്പോൾ ആർക്കൊപ്പം പോകണമെന്ന് പെൺകുട്ടിയോട് കോടതി ചോദിച്ചു. മാതാപിതാക്കൾക്കൊപ്പം പോയാൽ മതി എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഇതിൽ നിരാശനായ വിഷ്ണു ചേംബറിനു പുറത്തിറങ്ങിയതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടർന്ന് ജസ്റ്റിസ് ഇറങ്ങിവന്ന് പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടാനും ആവശ്യപ്പെട്ടു. പിന്നീട് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.