ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ കാലവർഷം സജീവമാകുന്നു.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും.പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാതചുഴി നാളെയോടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.നിലവിൽ മധ്യ തെക്കൻ കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ അടുത്ത 2-3 ദിവസം കൂടി തുടരും. മലയോര മേഖലയിൽ ശക്തമായതൊ അതി ശക്തമായതൊ ആയ മഴക്ക് സാധ്യത ഉള്ളതിനാൽ ഈ മേഖലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി.മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളിൽ ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ന്യുന മർദ്ദം ശക്തി പ്രാപിച്ചു തീരത്തോട് അടുക്കുന്നതിനനുസരിച്ചു കേരള തീരത്ത് കാലവർഷകാറ്റ് ശക്തി പ്രാപിക്കാനും മധ്യ വടക്കൻ കേരളത്തിലേക്ക് മഴ വ്യാപിക്കാനും സാധ്യതയുണ്ട്. വ്യാഴാഴ്ച്ച മുതൽ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലെ കരിപ്പൻതോട്, മനീറ പ്രദേശങ്ങളിലാണ്. അതിതീവ്രമഴയാണ് രണ്ടിടത്തും ലഭിച്ചത്.ഓഗസ്റ്റിലെ 31 ദിവസം സംസ്ഥാനത്ത് ലഭിച്ചത് 60 mm മഴയെങ്കിൽ സെപ്റ്റംബർ ആദ്യ 4 ദിവസം കൊണ്ട് കിട്ടിയത് 51 mm മഴയാണ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.