ഗണേഷ് ഇടഞ്ഞു, ഇടപെട്ട് മുഖ്യമന്ത്രി; മുന്നാക്ക കോർപറേഷൻ തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍

Advertisement

തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി)യുടെ കയ്യിലിരുന്ന മുന്നാക്ക സമുദായക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്ത നടപടി മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് (ബി) പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്.

പുതിയ ഉത്തരവ് പുറത്തിറക്കും. കേരള കോൺഗ്രസ് (ബി) നേതാവും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാർ മുഖ്യമന്ത്രിയുമായും എൽഡിഎഫ് കൺവീനറുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്. സാങ്കേതിക പിഴവിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരള കോൺഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പ്രേംജിത്തിനെ നീക്കി ചെയർമാനായി സിപിഎം നോമിനി എം.രാജഗോപാലൻനായരെ നിയമിച്ചാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. കോർപറേഷൻ ഭരണ സമിതിയും ഇന്നലത്തെ ഉത്തരവിലൂടെ പുനസംഘടിപ്പിച്ചിരുന്നു. സിപിഎം അനുഭാവിയായ രാജഗോപാലൻ നായർ മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായിരുന്നു.

മന്ത്രിസ്ഥാനം ലഭിക്കാത്ത കേരള കോൺഗ്രസിനു നൽകിയ പ്രധാന പദവിയായിരുന്നു കാലാവധി പകുതിയെത്തിയപ്പോൾ തിരിച്ചെടുത്തത്. കേരള കോൺഗ്രസ് ഇടതു മുന്നണിയിലെത്തിയപ്പോൾ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നൽകി മുന്നോക്ക കോർപറേഷൻ ചെയർമാനാക്കിയിരുന്നു. രണ്ടരവർഷം തികയ്ക്കുമ്പോൾ കെ.ബി.ഗണേശിന് മന്ത്രിസ്ഥാനവും ഉറപ്പ് നല്‍കിയിരുന്നു. ആന്റണിരാജുവിന് പകരക്കാരനായാണ് ഗണേഷ് മന്ത്രിസ്ഥാനത്ത് എത്തേണ്ടത്. പ്രതിഷേധം മുന്നണിയോഗത്തിൽ ഉന്നയിക്കാനാണ് കേരള കോൺഗ്രസ് (ബി) തീരുമാനം. മുന്നണി മര്യാദ പാലിച്ചില്ലെന്ന അഭിപ്രായം പാർട്ടിക്കുണ്ട്.