‘വീട് നന്നാക്കിയിട്ടു വേണം നാടു നന്നാക്കാൻ’: ഗണേഷിനെ മന്ത്രിയാക്കരുതെന്ന് സഹോദരി ഉഷ

Advertisement

തിരുവനന്തപുരം: കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന കേസ് നിലനിൽക്കുമ്പോൾ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സഹോദരി ഉഷ മോഹൻദാസ്. ഇത്രയും ഗുരുതരമായ കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയല്ല. ജനകീയ നേതാവാണെങ്കിൽ വീട് നന്നാക്കിയിട്ടുവേണം നാടു നന്നാക്കാനെന്നും ഉഷ പറഞ്ഞു.

കുടുംബസ്വത്ത് ഗണേഷ് കുമാർ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി മാത്രമാണ് മുൻപ് മുഖ്യമന്ത്രിയോട് പറഞ്ഞത്. തന്നോട് ഗണേഷ് കുമാർ ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അച്ഛൻ തയാറാക്കിയ വിൽപത്രവും മറ്റു രേഖകളും കാണിച്ചു. മന്ത്രിസ്ഥാനത്തേക്ക് ഗണേഷിനെ പരിഗണിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉഷ മോഹൻദാസ് പറഞ്ഞു.

2021 മേയിൽ രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിനു മുൻപാണ് ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മുഖ്യമന്ത്രിയെ കണ്ടത്. വിൽപത്രത്തിൽ തനിക്ക് അർഹമായ വിഹിതം ലഭിച്ചില്ലെന്നും, ഗണേഷ് കുമാർ കൃത്രിമം നടത്തി സ്വത്ത് തട്ടിയെടുത്തെന്നും ഉഷ ആരോപിച്ചിരുന്നു. ഇരുവരുടെയും പിതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രവുമായി ബന്ധപ്പെട്ടു ഉഷ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് ഗണേഷ് കുമാറിന് ആദ്യ ടേമിൽ മന്ത്രി സ്ഥാനം നഷ്ടമായതെന്ന് പ്രചാരമുണ്ടായിരുന്നു.

2011ൽ ബാലകൃഷ്ണപിള്ള ജയിലിലായപ്പോൾ കൊട്ടാരക്കരയിൽ ഉഷയെ മത്സരിപ്പിക്കാൻ ശ്രമം നടന്നിരുന്നു. ബാലക‍ൃഷ്ണപിള്ള അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഗണേഷ് എതിർത്തതോടെയാണ് ഡോ.എ.എൻ.മുരളി സ്ഥാനാർഥിയായതെന്നും പ്രചാരണമുണ്ടായിരുന്നു. മന്ത്രിസ്ഥാനം രണ്ടാം ടേമിലേക്ക് മാറാൻ സാമൂഹിക പരിഗണനകളാണെന്നും കുടുംബപ്രശ്നം അല്ലെന്നുമായിരുന്നു അന്ന് ഗണേഷ് കുമാർ പ്രതികരിച്ചത്.

ഗണേഷിനെതിരെ 2021ൽ ഉഷ നൽകിയ പരാതി കൊട്ടാരക്കര സബ് കോടതിയുടെ പരിഗണനയിലാണ്. രേഖകളുടെ പരിശോധന പൂർത്തിയായി. കേസ് ഹിയറിങിലേക്ക് കടക്കുകയാണ്. ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടിരുന്നു. രണ്ടാം പിണറായി സർക്കാർ രൂപീകരണ സമയത്ത് രണ്ടു മന്ത്രിസ്ഥാനം രണ്ടരവർഷം വീതം ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് എസ്, കേരള കോൺഗ്രസ് ബി എന്നിവർക്ക് നൽകാൻ തീരുമാനിച്ചിരുന്നു.

ഇതനുസരിച്ച് സർക്കാർ രണ്ടര വർഷം പൂർത്തിയാകുമ്പോൾ ആന്റണി രാജുവിനു പകരം മന്ത്രിയാകേണ്ടത് ഗണേഷ് കുമാറാണ്. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കാനിരിക്കെയാണ് മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം സിപിഎം തിരിച്ചെടുത്തത്. പിന്നീട് ഗണേഷ് കുമാറിന്റെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ തീരുമാനം മരവിപ്പിക്കുകയായിരുന്നു.