പെരുമ്പാവൂരിൽ നഴ്സിങ് വിദ്യാർഥിനിയെ വീട്ടിൽ കയറി വെട്ടിയത് പ്രണയാഭ്യർത്ഥന നിരസിച്ചതിന്

Advertisement

ആലുവ: പെരുമ്പാവൂർ രായമംഗലത്ത് യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി 3 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് യുവതി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നെന്ന് കണ്ടെത്തൽ. അയൽവാസിയായ യുവാവ് വീട്ടിൽ കയറി ആക്രമിച്ച ശേഷം പിന്നീട് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. രായമംഗലം കണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, നഴ്സിംഗ് വിദ്യാർഥിനിയായ മകൾ അൽക്ക എന്നിവർക്കാണ് പരിക്കേറ്റേത്. അൽക്കയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവർക്ക് കഴുത്തിനും തലയ്ക്കും പരിക്കുകളുണ്ട്. അയൽവാസിയായ ബേസിൽ ആണ് അക്രമം കാണിച്ചത്.

മാരകായുധവുമാായി വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ വീട്ടിലുണ്ടായിരുന്നവരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അൽക്കയെ കളമശ്ശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി.അൽക്ക യുടെ വീട്ടിൽ അതിക്രമം കാട്ടിയ ബേസിൽ പിന്നീട് സ്വന്തം വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.