പുതുപ്പള്ളി . രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് അവസാനിച്ചു. ഇതുവരെ 73.05 ശതമാനം പോളിംഗാണ് പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ പോളിംഗ് വൈകിയിരുന്നു. ഇതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പോളിംഗ് സമയം കൂട്ടണമെന്നും അന്വേഷണം വേണമെന്നും ചാണ്ടി ഉമ്മന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
ചിലയിടങ്ങളില്‍ മഴ പെയ്‌തെങ്കിലും പോളിംഗിനെ കാര്യമായി ബാധിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലായിരുന്നു മുന്നണികള്‍. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. ഇടതു പ്രചാരണം ഏശിയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തിലും ജെയ്ക്ക് സി തോമസ് മണര്‍കാട് എല്‍പി സ്‌കൂള്‍ ബൂത്തിലുമാണ് വോട്ട് ചെയ്തത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.
പുതുപ്പളളിയില്‍ വോട്ടെടുപ്പ് ദിനവും ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ആയുധമാക്കിയിരുന്നു സിപിഎം. ചികിത്സയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശം മുന്‍നിര്‍ത്തി ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് ആരോപണം കടുപ്പിച്ചപ്പോള്‍ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്ന് യുഡിഎഫും തിരിച്ചടിച്ചിരുന്നു. ജെയ്ക്ക് സി തോമസ് കുടുംബത്തെ വേട്ടയാടുന്നുവെന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മന്‍ തിരിച്ചടിച്ചത്. ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച എല്ലാം ഉമ്മന്‍ചാണ്ടിയുടെ ഡയറിയിലുണ്ടെന്നും താന്‍ മുന്‍കൈ എടുത്ത് അമേരിക്കയില്‍ കൊണ്ടുപോയി ചികില്‍സിച്ചതടക്കമുള്ള കാര്യങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.