തിരുവനന്തപുരം: നിലവിൽ ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകളുടെ കാലാവധി 12 വർഷമായി ഉയർത്തണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സർക്കാരിനു ശുപാർശ നൽകി.
സൂപ്പർ ക്ലാസ് റൂട്ടുകളിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകളുടെ കാലാവധി 7 വർഷമായിരുന്നത് നേരത്തേ ഇത്തരത്തിൽ ഉയർത്തി 10 വർഷമാക്കിയിരുന്നു. എന്നാൽ, കാലപ്പഴക്കം മൂലം എപ്പോഴും വഴിയിലാകുന്ന 400 ബസുകളുടെ കാലാവധിയാണ് 12 വർഷമാക്കി ഉയർത്തണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെടുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബസുകൾ വാങ്ങാൻ കഴിയാത്തതിനാലാണ് കാലാവധി നീട്ടുന്നത്.
ദീർഘദൂര സർവീസുകളിൽ നിന്നും ലഭിക്കുന്ന കലക്ഷനാണ് കോർപ്പറേഷന്റെ പ്രധാന വരുമാനമാർഗം. കാലപ്പഴക്കം മൂലം സൂപ്പർ ക്ലാസ് സർവീസ് നടത്തുന്ന ബസുകൾ വഴിയിലാകുന്നത് മിക്കവാറും തലവേദനയാണ്. നേരത്തേ സ്വിഫ്റ്റിന്റെ നേതൃത്വത്തിൽ പുതിയ ബസുകൾ പഴയ ബസുകൾക്ക് പകരമായി സർവീസ് നടത്തിയെങ്കിലും എണ്ണം കുറവായതിനാൽ എല്ലാ സർവീസുകളിലും ഇത് നടപ്പായില്ല.
ദീർഘദൂര സർവീസുകൾക്കായി പുതിയ ബസുകൾ വാങ്ങാൻ കിഫ്ബി വഴി 814 കോടി അനുവദിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും ഇനിയും ധന വകുപ്പിന്റെ തീരുമാനം കാത്തിരിക്കുന്നതല്ലാതെ നടപടിയില്ല. ഈ വായ്പയുടെ തിരിച്ചടവ് പോലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിട്ടും ധനവകുപ്പ് വീണ്ടും തടഞ്ഞു. ഈ 814 കോടി രൂപയുടെ വായ്പയും കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ വരുമെന്നതിനാലാണ് ധനവകുപ്പ് തീരുമാനം വൈകുന്നത്.
കിഫ്ബി വായ്പയിൽ തീരുമാനമായാൽ തന്നെ നടപടിക്രമവും ടെൻഡറുമൊക്കെ കഴിഞ്ഞ് ബസുകൾ വരുമ്പോൾ രണ്ട് വർഷമെടുക്കും. അതെല്ലാം കണക്കിലെടുത്താണ് ദീർഘദൂര സർവീസുകൾ മുടങ്ങാതിരിക്കാൻ ബസുകളുടെ കാലാവധി നീട്ടാനുള്ള ശുപാർശ.