നവ്യയെ കാണാനായി പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തി… ഒന്നേ മുക്കാല്‍ ലക്ഷത്തിന്റെ സ്വര്‍ണക്കൊലുസ് സമ്മാനം നല്‍കി ഇഡി കുറ്റപത്രം

Advertisement

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി. ചോദ്യം ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള അടുപ്പം ചൂണ്ടിക്കാട്ടുന്ന ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. നവ്യാ നായരെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായാണ് താന്‍ കൊച്ചിയിലെത്തിയതെന്നാണ് സച്ചിന്‍ സാവന്ത് ഇഡിക്ക് നല്‍കിയ മൊഴി. എന്നാല്‍ ഇരുവരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തിയിട്ടുണ്ടെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു.
നവ്യ നായരെ കാണാനായി മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് സാവന്ത് സ്ഥിരമായി എത്തിയിരുന്നതായും ഒരുതവണ 1.75 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണക്കൊലുസ് സമ്മാനമായി നല്‍കിയതായും ഡ്രൈവര്‍ മൊഴി നല്‍കിയതായി ഇഡി ചാര്‍ജ് ഷീറ്റില്‍ പറയുന്നു. സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.
വരുമാനത്തിന് ആനുപാതികമല്ലാത്ത വിധം സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. സാവന്തിന് 4.11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ 2.5കോടി കുടുംബത്തിന്റെ പേരിലാണ്. ഡ്രൈവറുടെ പേരിലും ഇയാള്‍ ബിനാമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, നവ്യാ നായര്‍ തന്റെ അടുത്ത സുഹൃത്താണെന്നും നവ്യക്ക് താന്‍ ഒന്നും സമ്മാനിച്ചിട്ടില്ലെന്നും സച്ചിന്‍ സാവന്ത് പ്രസ്താവനയില്‍ പറയുന്നു. നവ്യയെ കാണാന്‍ കൊച്ചിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരും മണ്ണാറശാല ക്ഷേത്രവും സന്ദര്‍ശിക്കാന്‍ പലതവണ കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ഇഡി വ്യക്തമാക്കി.