ഇന്ന് ജയിലര്‍ ലാസ്റ്റ് ഷോ; പാലയിലെ തീയറ്ററില്‍ സിനിമ കാണാന്‍ ഓടിയെത്തി ചാണ്ടി ഉമ്മന്‍.!

Advertisement

പുതുപ്പള്ളി: കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞത് വലിയ പോളിംഗ് നടന്ന തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ രണ്ട് ഒരുദിവസത്തിനപ്പുറം വോട്ടെണ്ണല്‍ ദിനത്തിന് മുന്‍പ് തീയറ്ററില്‍ എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ജയിലര്‍ സിനിമ കാണാനാണ് ചാണ്ടി ഉമ്മന്‍ പാലയിലെ തീയറ്ററില്‍ എത്തിയത്.

നല്ല സിനിമയാണ് എന്ന് അറിഞ്ഞു. ഇന്ന് ലാസ്റ്റ് ഷോയാണെന്നും അറിഞ്ഞു. അതു കൊണ്ട് കണ്ടിട്ട് പോകാമെന്ന് കരുതിയെന്നാണ് മാധ്യമങ്ങളോട് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. സിനിമ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തിരക്ക് കാരണം കാണാന്‍ പറ്റിയില്ല. ഭാഷ പഠിക്കാന്‍ ഇഷ്ടമുള്ളതിനാല്‍ തമിഴ് തെലുങ്ക് ചിത്രങ്ങള്‍ കാണാകുണ്ടെന്നും. സിനിമ കാണുന്നത് ഭാഷ പഠിക്കാന്‍ കൂടിയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതേ സമയം ആവേശം കൊടുമുടി കയറിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തില്‍ 2021നേക്കാള്‍ നേരിയ കുറവ് വന്നതോടെ കണക്കുകള്‍ കൂട്ടി കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. പുതുപ്പള്ളിയുടെ ഇതിഹാസ നേതാവ് ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് കണ്ണീരും കണ്ണ് ചിമ്മാത്ത പോരുമായപ്പോള്‍ വോട്ടിംഗ് ശതമാനത്തിലെ കുറവ് ഫലത്തില്‍ എന്ത് മാറ്റമാണ് സൃഷ്‌ടിക്കുക എന്ന ആശങ്കയിലാണ് മുന്നണികള്‍.

ഇക്കുറി 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം പുതുപ്പള്ളി മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതിയത്. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽഡിഎഫ്. ഇരു പാളയങ്ങളിലും വോട്ട് ചോര്‍ച്ചയുണ്ടാക്കാന്‍ കഴിയുമെന്ന് എന്‍ഡിഎയും കണക്കുകൂട്ടുന്നു. കഴിഞ്ഞ വട്ടം ഉമ്മന്‍ ചാണ്ടിക്ക് 63,372 ഉം ജെയ്‌ക് സി തോമസിന് 54,328 ഉം ബിജെപിയുടെ എന്‍ ഹരിക്ക് 11,694 വോട്ടുകളുമാണ് പുതുപ്പള്ളിയില്‍ ലഭിച്ചത്.

Advertisement