അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം , നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

Advertisement

ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ പ്രതിയായ നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. നന്ദകുമാറിൻ്റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫേസ്ബുക്കിൽ നിന്നും മറുപടി ലഭിച്ചശേഷം വീണ്ടും ചോദ്യം ചെയ്യും.

ഇടത് സംഘടനാ നേതാവായ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പള്ളി രാവിലെ 10 മണിയോടെയാണ് പൂജപ്പുര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. നാല് മണിക്കൂറിലധികം സമയം എടുത്താണ് പൊലീസ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. വിശദമായ പരിശോധനയ്ക്കായി നന്ദകുമാറിൻ്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
നന്ദകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്തിരുന്നു. സന്ദേശം പങ്കുവെച്ച ഫേസ്ബുക്ക് അക്കൗണ്ടും മരവിപ്പിച്ചിരിക്കുകയാണ്. സ്ക്രീൻഷോട്ടുകൾ മാത്രമാണ് പൊലീസിന് മുൻപിലുള്ള തെളിവ്. അതിനാൽ ഫേസ്ബുക്കിൽ നിന്ന് വിവരം ശേഖരിക്കാൻ കാലതാമസമെടുക്കും. ഇതിനാലാണ് ചോദ്യം ചെയ്യൽ വൈകിയത് എന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ ഇടത് സംഘടന നേതാവിന്റെ രാഷ്ട്രീയ സ്വാധീനമാണ് അന്വേഷണം വൈകാൻ കാരണമെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. അച്ചു ഉമ്മന്റെ ജോലി, വസ്ത്രധാരണം , സമ്പാദ്യം എന്നിവ മുൻനിർത്തി സൈബർ അധിക്ഷേപം നടത്തിയെന്നാണ് പരാതി. ഈ മാസം 29നാണ് നന്ദകുമാറിനെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങൾക്ക് മുഖം നൽകാതെ ഹെൽമറ്റ് ധരിച്ചായിരുന്നു നന്ദകുമാർ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയത്.