മലപ്പുറം: ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ടവർക്ക് രക്ഷകരായി മലപ്പുറത്തു നിന്നുള്ള വിനോദയാത്രാ സംഘം. മലപ്പുറം കൂട്ടിലങ്ങാടിയിലെ സുഹൃത്തുക്കളായ പതിനാലംഗ സംഘം ഇടുക്കിയിലേക്ക് വിനോദയാത്ര പോയി മടങ്ങി വരവെയാണ് സംഭവം. ഇടുക്കി തൊടുപുഴ റൂട്ടിൽ ഇടുക്കി ഡാമിനും കുളമാവ് ഡാമിനുമിടയിൽ വിജനമായ സ്ഥലത്ത് എത്തിയപ്പോഴാണ് ഒരു ഓട്ടോ ഡ്രൈവർ ഇവരുടെ വാഹനം കൈ കാണിച്ച് ഒരു കാർ കൊക്കയിലേക്ക് മറിഞ്ഞ വിവരം പറയുന്നത്.
അതു വഴി കടന്ന് പോയ പല വാഹനങ്ങളെയും വിവരം അറിയിച്ചെങ്കിലും ആരും നിർത്തിയില്ലെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. സംഘം വാൻ നിർത്തി നോക്കിയപ്പോൾ ഇരുവശവും കാടും കൊക്കയുമായ സ്ഥലത്ത് 20 അടിയോളം താഴ്ചയിൽ പാറയിൽ തങ്ങി നിൽക്കുന്ന നിലയിൽ കാർ കണ്ടു. ഉടനെ പൊലീസിനെയോ ഫയർ സർവീസിനെയോ വിവരം അറിയിക്കാൻ നോക്കിയപ്പോൾ ആരുടെയും മൊബൈൽ ഫോണിൽ റൈഞ്ച് ഇല്ലായിരുന്നതിനാൽ രക്ഷാപ്രവർത്തനം സാധ്യമായില്ല.
ഇതോടെ രണ്ടും കൽപ്പിച്ച് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ മലപ്പുറത്ത് നിന്നെത്തിയ സംഘം തീരുമാനിച്ചു. പിന്നാലെ യാത്രാ സംഘത്തിലെ മൂന്ന് പേരുടെ ഉടുതുണി അഴിച്ച് കൂട്ടിക്കെട്ടി വടമാക്കി. വി. യൂനുസ്, ടി.ഹാരിസ് എന്നിവർ സാഹസികമായി താഴെ ഇറങ്ങി മറ്റുള്ളവരുടെ സഹായത്തോടെ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി റോഡിലേക്ക് കയറ്റുകയായിരുന്നു. രണ്ട് പുരുഷനും ഒരു സ്ത്രീയുമടങ്ങുന്ന കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു വാഹനത്തിൽ ഇടുക്കി താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞയച്ചു.
പിന്നീട് അൽപ്പം കൂടി മുന്നോട്ട് നീങ്ങി കുളമാവ് ഡാമിന് സമീപം ഉണ്ടായിരുന്ന സുരക്ഷാ ജോലിക്കാരനോട് വിവരം പറഞ്ഞ് ഫോൺ നമ്പറും നൽകിയ ശേഷമാണ് സംഘം യാത്ര തുടർന്നത്. ഡാമിലെ സുരക്ഷാ ജോലിക്കാരാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്. കാറിലുണ്ടായിരുന്നവരുടെ വിലാസമോ മറ്റോ ഒന്നും മലപ്പുറത്ത് നിന്നെത്തിയവരും ശേഖരിച്ചിരുന്നില്ല. നാട്ടിലെത്തിയ ശേഷം പൊലീസിനെ വിളിച്ചപ്പോൾ പരിക്കേറ്റവർ ആശുപത്രിയിൽ എത്തിയെന്നും ഇവർ സുഖം പ്രാപിച്ചു വരുന്നതായും പൊലീസ് പറഞ്ഞു.