തിരുവനന്തപുരം . കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരതിന്‍റെ കാര്യത്തില്‍ അവ്യക്തത. 8 കോച്ചുകൾ അടങ്ങുന്ന ട്രെയിൻ ഇപ്പോഴും ചെന്നൈയിൽ തുടരുകയാണ്. റൂട്ട് സംബന്ധിച്ചും അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.
റെയിൽവേ ബോർഡിന്റെ അനുമതി വൈകുന്നതാണ് നിലവിലെ പ്രശ്നം. സതേൺ റെയിൽവേയ്ക്ക് ട്രെയിൻ കൈമാറിയെങ്കിലും ഏത് റൂട്ടിൽ സർവീസ് നടത്തണമെന്നോ എന്ന് സർവീസ് ആരംഭിക്കണമെന്നതിലോ തീരുമാനം ആയിട്ടില്ല. മംഗലാപുരം – എറണാകുളം, മംഗലാപുരം – കോട്ടയം , മംഗലാപുരം – കൊച്ചുവേളി എന്നി റൂട്ടുകളാണ് അന്തിമമായി പരിഗണിക്കുന്നത്. പുലർച്ചെ മംഗലാപുരത്ത് നിന്നും പുറപ്പെട്ട് രാത്രിയോടെ തിരിച്ചെത്തും വിധമാകും ക്രമീകരണം. രണ്ടാം വന്ദേ ഭാരതിനും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ സാധ്യത ഇല്ല. ജി – 20 ഉച്ചകോടി , പാർലമെന്റ് സമ്മേളനം എന്നിവ വരും ദിവസങ്ങളിൽ നടക്കുന്നതിനാൽ ഫ്ലാഗ് ഓഫിനായി പ്രധാനമന്ത്രിയും സമയം നൽകാത്തതും കാരണമായി പറയുന്നുണ്ട്. തടസങ്ങൾ നീക്കാനുള്ള ചർച്ചകൾ ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നുണ്ട്. അതേ സമയം മംഗലാപുരം റെയിൽവേ സ്റ്റേഷനിലെ ഒരുക്കങ്ങൾ പൂർത്തിയായി.