കെ ബി ഗണേഷ് കുമാർ എം എൽ എ മന്ത്രിസഭാ പുനപ്രവേശന നീക്കത്തില്‍, കോവൂര്‍ കുഞ്ഞുമോനും പ്രതീക്ഷയില്‍

Advertisement

കൊല്ലം . കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ മന്ത്രിസഭാ പുനപ്രവേശന ചർച്ചകൾ വീണ്ടും സജീവo. അടുത്ത മുന്നണി യോഗത്തിൽ മന്ത്രിസഭ പുനസംഘടന വേണമെന്ന ആവശ്യം കേരള കോൺഗ്രസ് ബി ഇക്കാര്യം ഉന്നയിച്ചേക്കും. അതേസമയം മന്ത്രിസഭ പുനസംഘടനയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ മുന്നണിയ്ക്ക് കത്ത് നൽകി. ഇത്തവണ മന്ത്രിസഭ പുനസംഘടനയിൽ തന്നെ പരിഗണിച്ചേക്കുമെന്നാണ് വിശ്വാസമെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ പറയുന്നു

രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാകാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മന്ത്രിസഭ പുനസംഘടന ചർച്ചകൾ സജീവമാകുന്നത്. മുന്നണി ധാരണ പ്രകാരം ആൻ്റണി രാജുവിന് പകരം ഗണേഷ് കുമാറാണ് മന്ത്രിയാകേണ്ടത്. പൊതുമരാമത്ത്, ആരോഗ്യ, ആഭ്യന്തര വകുപ്പുകളുടെ വീഴ്ചകളിൽ മുഖം നോക്കാതെ നിലപാട് സ്വീകരിച്ച് ജനത്തിൻ്റെ കൈയ്യടി വാങ്ങിയ ഗണേഷ് കുമാർ ഇടതു മുന്നണിയ്ക്കുള്ളിലെ വേറിട്ട മുഖമായിരുന്നു.മന്ത്രിസഭ പ്രവേശനം സംബന്ധിച്ച്‌ സർക്കാരുo, മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്ന് ഗണേഷ് കുമാർ പറയുമ്പോൾ തീരുമാനം വേഗത്തിൽ വേണമെന്നുള്ള സൂചന കൂടിയാണ് നൽകുന്നത്.
അതേ സമയം മന്ത്രിസഭ പുനസംഘടനയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കുന്നത്തൂർ എം എൽ എ കോവൂർ കുഞ്ഞുമോനും ഇടതുമുന്നണിയ്ക്ക് കത്ത് നൽകി. അ‌‌ഞ്ച് ടേം തുടർച്ചയായി വിജയിച്ചതും, എല്ലാ ഘട്ടത്തിലും ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുത്ത് പുനസംഘടനയിൽ
പരിഗണിക്കണമെന്ന ആവശ്യമാണ് കോവൂർ കുഞ്ഞുമോൻ മുന്നോട്ട് വെക്കുന്നത്.തന്നെ മന്ത്രിയാക്കുന്നത് ആർ എസ് പി അണികളെ ഇടതുമുന്നണിയിലെത്തിക്കാൻ സഹായിക്കുമെന്നാണ് കുഞ്ഞുമോൻ്റെ അവകാശവാദം. 

ആർ എസ് പി മുന്നണി വിട്ട ശേഷമുള്ള രണ്ട് തെരഞ്ഞെടുപ്പിലും മണ്ഡലം കൈവിട്ട് പോകാതെ കാക്കാൻ കുഞ്ഞുമോനായിരുന്നു.മുന്നണിയുടെ ഭാഗമല്ലാത്തതിനാൽ കുഞ്ഞുമോൻ്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകമാവുക.

Advertisement