വയനാട്. പനവല്ലിയിൽ നാട്ടിൽ ഇറങ്ങുന്ന ഒരു കടുവയ്ക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടത് നാല് കടുവകളെ. മൂന്ന് കടുവകളെ കാട്ടിലേക്ക് തുരത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ശേഷിക്കുന്ന കടുവയെ തുരത്താനുള്ള ശ്രമം തുടരും. മേഖലയിൽ കൂടുതൽ കൂട് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്
രണ്ട് മാസമായി പ്രദേശത്ത് കടുവ ഭീതി വിതയ്ക്കാൻ തുടങ്ങിയിട്ട് . പനവല്ലിയിൽ ഡി എഫ് ഒ യുടെ നേതൃത്വത്തിൽ 68 വനപാലകരാണ് തിരച്ചിൽ നടത്തിയത്. നാട്ടുകാരുടെ സഹകരണത്തോടെ മുന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ . കടുവാ സാന്നിധ്യം പതിവായുള്ള കൊല്ലി കോളനി പ്രദേശത്ത് നിന്ന് തുടങ്ങിയ തിരച്ചിൽ കാൽവരി എസ്റ്റേറ്റ്, കോട്ടക്കൽ എസ്റ്റേറ്റ്,റസൽകുന്ന് എന്നിവിടങ്ങളിലാണ് നടന്നത്. കോട്ടയ്ക്കൽ എസ്റ്റേറ്റിൽ കണ്ട കടുവയെയും രണ്ടു കുട്ടികളെയും ഡെപ്യൂട്ടി റെയ്ഞ്ചർ കെ.പി അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ റസൽകുന്നിലെ വനത്തിലെക്ക് തുരത്തി. ഇതിനിടയിൽ കോട്ടയ്ക്കൽ എസ്റ്റേറ്റിലേ കൊളിച്ചുവട് ഭാഗത്ത് നിന്ന് തിരച്ചിലിനിടെ പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ കടുവയുടെ മുമ്പിൽപ്പെട്ടു. ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയതോടെ കടുവ പിൻമാറിയതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. തുടർന്ന് കടുവയെ പിൻതുടർന്നെങ്കിലും കണ്ടെത്താനായില്ല
പ്രദേശവാസികളിൽ നിന്നും നാലുപേരെ പ്രശ്നം പരിഹരിക്കുന്നത് വരെ പ്രദേശത്ത് കാവൽ നിർത്തുമെന്നും , വരും ദിവസങ്ങളിൽകുടുതൽ കൂടു സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും ഡി എഫ് ഒ – മാർട്ടിൻ ലോവൽ പറഞ്ഞു.