കോടതിവരാന്തയില്‍ മദ്രാവാക്യം വിളിച്ചു ഗ്രോ വാസു, അകമ്പടി വന്ന പൊലീസുകാർക്ക് കോടതിയുടെ താക്കീത്

Advertisement

കോഴിക്കോട്. മുൻ നക്സൽ നേതാവ് ഗ്രോ വാസുവിന് അകമ്പടി വന്ന പൊലീസുകാർക്ക് കോടതിയുടെ താക്കീത്. വാസു കോടതി വരാന്തയിൽ മുദ്രാവാക്യം വിളിച്ചതിനാണ് പൊലീസുകാരെ ശകാരിച്ചത്. നാലാം സാക്ഷിയെ വിസ്തരിച്ചതിന് ശേഷം കേസ് ഈ മാസം പതിനൊന്നിലേക്ക് മാറ്റി.

പശ്ചിമഘട്ട രക്തസാക്ഷികൾക്ക് സിന്ദാബാദ് വിളിച്ച് ഗ്രോ വാസു എത്തിയതാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതി വരാന്ത പ്രതിഷേധിക്കാനുള്ള ഇടമല്ലെന്ന് ചൂണ്ടിക്കാട്ടിയ മജിസ്‌ട്രേറ്റ്, ആവർത്തിച്ചാൽ അകമ്പടി വന്ന പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. തുടർന്ന് കേസിലെ നാലാം സാക്ഷിയും സിവിൽ പൊലീസ് ഓഫീസറുമായ പി ജയചന്ദ്രനെ വിസ്തരിച്ചു. സംഭവ സമയം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു ജയചന്ദ്രൻ.

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെതിരെ ഗ്രോ വാസുവിന്റെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന സംഘം പ്രതിഷേധിച്ചെന്നും , ഇത് ഗതാഗത തടസ്സത്തിന് കാരണമായെന്നും നാലാം സാക്ഷി കോടതിയിൽ മൊഴി നൽകി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ ഹാജരാക്കിയിട്ടുണ്ടെന്നും ജയചന്ദ്രൻ കോടതിയെ അറിയിച്ചു. സാക്ഷി വിസ്താരത്തിന് ശേഷം ക്രോസ് വിസ്താരം വേണോയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ടെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി. നേരത്തെ വിസ്തരിച്ച സാക്ഷികളിൽ ഒരാൾ മൊഴി മാറ്റിയിരുന്നു. സാക്ഷി മൊഴി വായിച്ചു കേൾപ്പിക്കാൻ കേസ് ഈ മാസം പതിനൊന്നാം തിയതിയിലേക്ക് മാറ്റി.

Advertisement