കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ പക്കലുള്ള 15 ഏക്കർ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താലൂക്ക് ലാൻഡ് ബോർഡിന്റെ റിപ്പോർട്ട്. ഭൂപരിധി നിയമം മറികടക്കാനായി അൻവർ ക്രമക്കേട് കാട്ടിയെന്നാണ് ഓതറൈസഡ് ഓഫിസറുടെ റിപ്പോർട്ട്.
ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാനായി രേഖ നിർമിച്ചു. പിവിആർ എന്റർടെയിൻമെന്റ് എന്ന പേരിൽ പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും കണ്ടെത്തിയിട്ടുണ്ട്. അൻവറിന്റെയും ഭാര്യയുടെയും പേരിൽ സ്ഥാപനം തുടങ്ങിയതിൽ ചട്ടലംഘനമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കക്ഷികൾക്ക് ആക്ഷേപം അറിയിക്കാൻ ഏഴു ദിവസം അനുവദിച്ചിട്ടുണ്ട്.
പി.വി. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ പി.വി. ഷാജി ലാൻഡ് ബോർഡിനു കൂടുതൽ തെളിവുകൾ കൈമാറി. 34.37 ഏക്കർ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കർ അധികഭൂമിയുടെ രേഖകൾ ഇവർ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധികമുള്ളതായി കണ്ടെത്തിയത്. പി.വി. അൻവർ, ഒന്നാംഭാര്യ ഷീജ അൻവർ, രണ്ടാം ഭാര്യ അഫ്സത്ത് അൻവർ ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങൾക്കെതിരെയാണ് നോട്ടിസ് നൽകിയിട്ടുള്ളത്.