ആലുവ പീഡനം: പ്രതി പിടിയിൽ, ക്രിസ്റ്റിൻ തിരുവനന്തപുരം സ്വദേശി

Advertisement

കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. ആലുവ ബാറിനു സമീപത്തുനിന്നാണ് അറസ്റ്റ്. തിരുവനന്തപുരം പാറശാല ചെങ്കൽ വ്ളാത്താങ്കര സ്വദേശി ക്രിസ്റ്റിന്‍ (36) ആണ് പിടിയിലായത്.

2017ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് നാട്ടിൽനിന്ന് മുങ്ങിയത്. ഇയാൾ നാട്ടിൽ വന്നിട്ട് ഒന്നര വർഷത്തിലേറെയായതായി നാട്ടുകാർ പറയുന്നു. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടിക്കാലം മുതലേ മോഷണക്കേസുകളിൽ പ്രതിയായി. ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചായിരുന്നു തുടക്കം. നാട്ടിൽ ആരുമായും ചങ്ങാത്തമില്ല. വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. പകൽ പുറത്തിറങ്ങാറില്ല. രാത്രിയിലാണ് സഞ്ചാരം.

ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് ഭാഷ്യം. പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.