പുതുപ്പള്ളിക്ക് ചാണ്ടി ഉമ്മന്‍, 36454 വോട്ട് ലീഡിന്‍റെ ജയം

Advertisement

കോട്ടയം. പുതുപ്പള്ളി മണ്ഡലത്തിലെ ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തെയും റെക്കോഡ് ഭൂരിപക്ഷവും മറികടന്ന് ചാണ്ടി ഉമ്മന്‍.

വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ 36454 വോട്ടിന്‍റെ വിജയമാണ് ചാണ്ടി ഉമ്മന്‍ നേടിയത്.

പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്നത് 2011 ലായിരുന്നു. പത്താമങ്കത്തില്‍ സി.പി.എം സ്ഥാനാര്‍ഥി സുജ സൂസന്‍ ജോര്‍ജിനെതിരെ 33,225 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്.

ആദ്യ റൗണ്ടില്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് 2021ല്‍ അയര്‍കുന്നത്ത് ലഭിച്ച ലീഡ് ചാണ്ടി മറികടന്നിരുന്നു. 1293 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഉമ്മനുണ്ടായിരുന്നത്. തുടര്‍ന്ന് പിതാവിന്‍റെ ആ വര്‍ഷത്തെ ഭൂരിപക്ഷത്തിനും മുകളിലെത്തി ചാണ്ടിയുടെ ഭൂരിപക്ഷം. 2021ല്‍ 9,044 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്.

1970 ലാണ് പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കന്നിയങ്കം. കരുത്തനായ ഇഎം ജോര്‍ജിനെ മലര്‍ത്തിയടിച്ചാണ് 7,288 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് എത്തിയത്. പിന്നീട് പുതുപ്പള്ളിക്കാര്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെ മാത്രമായിരുന്നു. 1977ല്‍ മുന്‍ എം.എല്‍ .എ പിസി ചെറിയാനെയായിരുന്നു ഇടതുപക്ഷം ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്ത് ഇറക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 15910 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്. 1980ല്‍ 15983 വോട്ടിന്‍റെ ലീഡില്‍ മൂന്നാം വിജയം. 87ല്‍ വി.എന്‍ വാസവനായിരുന്നു ഉമ്മന്‍റെ എതിരാളി. അന്നത്തെ ഭൂരിപക്ഷം 13811. 96ല്‍ സി.പി.എമ്മിന്‍റെ റജി സക്കറിയയെ തോല്‍പ്പിച്ചത് 10155 വോട്ടിന്. 2001ലെ ഭൂരിപക്ഷം 12575.
2006 ല്‍ 19863 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഒമ്പതാമത് വിജയം. എസ് എഫ് ഐ നേതാവായിരുന്ന സിന്ധു ജോയി ആയിരുന്നു എതിരാളി. 2016ല്‍ ജെയ്കിനെ പരാജയപ്പെടുത്തിയത് 27092 വോട്ടിനായിരുന്നു.

പുതിയ പുതുപ്പള്ളിക്കായുള്ള ജനവിധി അക്ഷരാർത്ഥത്തിൽ ഭരണപക്ഷത്തിൻ്റെ മുഖത്തേറ്റ അടിയായി.
മൂന്നാം അങ്കത്തിന് കച്ചമുറുക്കിയ ജെയ്ക്ക് സി തോമസ് അപ്പനോടും മകനോടും തോറ്റ സ്ഥാനർത്ഥിയെന്ന പേരിനർഹനായി. സർക്കാർ വിരുദ്ധ വികാരവും, ഉമ്മൻ ചാണ്ടിയോടുള്ള സഹതാപവും വോട്ടായി യു ഡി എഫ് പെട്ടിയിൽ വീണപ്പോൾ ചാണ്ടി ഉമ്മൻ എന്ന പുതിയ താരോദയത്തിന് പുതുപ്പള്ളി സാക്ഷ്യം വഹിച്ചു.
ഇടതുപക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണ് പുതുപ്പള്ളിയിൽ ഉണ്ടായത്. പൂർണ്ണമായും സർക്കാർ വിരുദ്ധ വികാരവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.

മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായെന്നും ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്‌തെന്നും മാണ് യു ഡി ഫ് വിലയിരുത്തൽ.

പരാജയം മുൻകൂട്ടി മണത്ത സി പി എം സെക്രട്ടറി ബിജെപിയുടെ വോട്ടിൽ പിടിച്ച് മുൻകൂർ ജാമ്യം എടുത്തതും ശ്രദ്ധേയമാണ്. യു ഡി എഫിനെതിരായ ഇടത് മുന്നണിയുടെ ഒരായുധവും ഫലിച്ചില്ലന്നതാണ് ഫലം വ്യക്തമാക്കുന്നത്.

ഇതിനിടെ ബിജെപി വോട്ടിൽ ഉണ്ടായ കുറവ് വ്യാപകമായ ചർച്ചയ്ക്ക് വഴിവെച്ചു.

ഒരു ഘട്ടത്തിൽ പോലും ചാണ്ടി ഉമ്മന് ഭീഷണി ഉയർത്താൻ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന് സാധിച്ചില്ല

ഒരിടത്തും ലീഡ് നേടാനാകാതെ ജെയ്ക്ക് സി തോമസ് വിയർക്കുന്ന കാഴ്ചയാണ് പുതുപ്പള്ളിയിൽ കാണാനായത്. മൂന്നാമങ്കത്തിന് ഇറങ്ങിയ ജെയ്ക്ക് സി തോമസിന് ഒരു ഘട്ടത്തിൽ പോലും പ്രതീക്ഷക്ക് വകയുണ്ടായിരുന്നില്ല. സിപിഎമ്മിന്റെ കോട്ടകളിൽ പോലും ചാണ്ടി ഉമ്മനാണ് ലീഡ് ലഭിച്ചത്. ജെയ്ക്ക് പ്രതീക്ഷ വെച്ച മണർകാടും ചാണ്ടി ഉമ്മനാണ് ലീഡ് ലഭിച്ചത്.

സർക്കാരിനെതിരെയുള്ള വികാരം ആണ് പുതുപ്പള്ളിയിലെ വിജയമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധി.2024ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ സൈറൺ മുഴങ്ങി കഴിഞ്ഞു.

കോൺഗ്രസിന്റെ ഐക്യത്തിന്റെ വിജയമാണിത്. സിപിഐ മ്മിന്റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചു. മരിച്ച ഉമ്മൻ ചാണ്ടിയെയും സിപിഐഎം വേട്ടയാടി.സിപിഐഎം ജനങ്ങളിൽ നിന്ന് അകന്നു എന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരായ സൈബർ ആക്രമണം കാട്ടി എകെ ആന്റണി വിതുമ്പി. നേരത്തെ ആരോപണങ്ങൾ വന്നപ്പോൾ എത്രനാൾ അവർ കണ്ണീര് കുടിച്ചിട്ടുണ്ടാകുംഎല്ലാ ആരോപണങ്ങളിലും അഗ്നിശുദ്ധി വരുത്താൻ മരിക്കുംമുൻപ് ഉമ്മൻചാണ്ടിക്കായി അദ്ദേഹം പറഞ്ഞു.

Advertisement