മികച്ച ഒരു മത്സരമെങ്കിലും പുറത്തെടുക്കാമെന്ന ഇടത് പ്രത്യാശ അടിച്ചുപറത്തി പുതുപ്പള്ളിയില്‍ യുഡിഎഫിന്‍റെ കൊടുങ്കാറ്റ്

Advertisement

കോട്ടയം.മികച്ച ഒരു മത്സരമെങ്കിലും പുറത്തെടുക്കാനാകുമെന്ന ഇടത് പ്രത്യാശ അടിച്ചുപറത്തി പുതുപ്പള്ളിയില്‍ യുഡിഎഫിന്‍റെ കൊടുങ്കാറ്റ് വിജയം. പുതുപ്പള്ളിയിലെ പരീക്ഷണത്തിൽ ഇടതുമുന്നണിക്ക് വൻ വീഴ്ച.അവസാന ഘട്ടത്തില്‍ പോലും എതിരാളിയെ വേട്ടയാടുന്ന ശൈലിക്ക് കനത്ത മറുപടി. ശക്തി കേന്ദ്രങ്ങൾ അടക്കം എല്ലായിടത്തും ഇടതിന് കാലിടറി. യുഡിഎഫ് അനുകൂല കാറ്റില്‍ ജെയ്ക് സി തോമസിന് ഒരു ഘട്ടത്തിലും നിലം തൊടാനായില്ല. പാർട്ടി കണക്കുകൾ എല്ലാം തെറ്റിച്ചുള്ള വോട്ട് ചോർച്ചയാണ് ഇടത് മുന്നണി നേരിട്ടത്. ഇരുത്തി ചിന്തിപ്പിക്കുന്ന പരാജയമാണ് ഇടതിന് പുതുപ്പള്ളി നല്‍കിയത്.

തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും എൽഡിഎഫിന് ഷോക്ക് ട്രീറ്റ്മെൻ്റ്. വോട്ടെണ്ണൽ തുടങ്ങിയ അയർക്കുന്നത്ത് പ്രതീക്ഷ ഉണ്ടായിരുന്നില്ല. അയർക്കുന്നവും അകലക്കുന്നവും കൂരോപ്പടയും കടന്നെത്തിയ യുഡിഎഫ് കൊടുങ്കാറ്റില്‍ ജെയ്കിൻ്റെ തട്ടകമായ മണർകാടെങ്കിലും പിടിച്ചു നില്‍ക്കുമെന്ന് കരുതി. ഒന്നും നടന്നില്ല. കഴിഞ്ഞ തവണ കടുത്ത മത്സരം നടന്ന പാമ്പാടിയും ആശ്വാസം നൽകിയില്ല. സമുദായിക സമവാക്യങ്ങൾ ഒരുഘട്ടത്തിലും തുണച്ചില്ല. യാക്കോബായ വോട്ടുകളിൽ ധ്രുവീകരണം നടന്നതേയില്ല. കഴിഞ്ഞ തവണ ലീഡെടുത്ത ബൂത്തുകളിലെല്ലാം വോട്ട് ചോർച്ച. സഹതാപ തരംഗവും കടന്ന് ഭരണ വിരുദ്ധ വികാരമെന്ന യുഡിഎഫ് വിമർശനത്തിൽ എൽഡിഎഫ് പ്രതിരോധം ദുർബലമാകുമെന്നുറപ്പ്. ബിജെപിക്ക് വോട്ട് കുറഞ്ഞെന്ന രാഷ്ട്രീയ ന്യായം കച്ചിത്തുരുമ്പാക്കാൻ ശ്രമിച്ചാലും കണക്കുകൾ പ്രതിരോധത്തിന് മതിയാകാതെ വരും. സിപിഎമ്മിന്‍റഎ വോട്ടുകള്‍ എങ്ങോട്ടുപോയെന്ന മറുചോദ്യം ഉടനുയരും. പ്രാദേശിക വികസന പ്രശ്നങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ ഇടതുപ്രചാരണം പുതുപ്പള്ളിയെ തൊട്ടതേയില്ല. പരോക്ഷമായി ഉയർത്തിയ ചികിത്സാ വിവാദവും ജനം ഏറ്റെടുത്തില്ല. 8 പഞ്ചായത്തിലും പ്രചാരണത്തിന് എത്തിയ മുഖ്യമന്ത്രിക്കും തോൽവിയുടെ വിചാരണയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സൈബറിടത്തിലെ നിയന്ത്രണമില്ലാത്ത നെറികേടുകള്‍ തൃക്കാക്കരയിലെപ്പോലെ പുതുപ്പള്ളിയിലും തിരിഞ്ഞുകൊത്തി.

അഴിമതി ആരോപണവും ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചുവെന്ന യു ഡി എഫ് വാദത്തിൽ ഇടതു പ്രതിരോധം ഇനി ദുർബലമാകും. വൻ തോൽവിയും വോട്ട് ചോർച്ചയും,സിപിഎമ്മും സർക്കാരും ഇനി വിശദീകരിച്ച് വിയർക്കുമെന്നത് ഉറപ്പാണ്

Advertisement