കടമ്പഴിപ്പുറം: മറവിരോഗം ബാധിച്ച ഭർത്താവിനെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം ഭാര്യ കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച കഥ ഇന്നലെ നാം കേട്ടു, കേട്ടുകളയേണ്ടതല്ല സമൂഹത്തില്‍ ഇപ്പോള്‍ വ്യാപകമാകുന്ന മറവിരോഗം. പരിചരിക്കുന്നവരുടെ വികാരം അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒന്നും ആധുനികമെന്ന് അവകാശപ്പെടുന്ന സമൂഹം തിരിച്ചറിയുന്നില്ല. ഒരു പക്ഷേ സമൂഹം വ്യക്തമായി പദ്ധതി ആവിഷ്കരിച്ചെങ്കില്‍ രണ്ടുജീവിതങ്ങള്‍ രക്ഷിച്ചെടുക്കാമായിരുന്നു
ഇത്തരം സന്ദര്‍ഭങ്ങളിലെങ്കിലും ആരോരും സഹായമില്ലാതെ ആത്മഹത്യക്കും കൊലപാതകത്തിനുമിടയില്‍ ഉഴറുന്ന ജീവിതങ്ങളെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്.
ആലങ്ങാട് തേലക്കാട്ട് വെള്ളംകൊള്ളി വീട്ടിൽ (ടിവി നിവാസ്) പ്രഭാകരൻ നായരാണ് (81) കൊല്ലപ്പെട്ടത്. ഭാര്യ ശാന്തകുമാരിയെ (66) ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം കിണറ്റിൽ ചാടിയ ശാന്തകുമാരിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണു രക്ഷപ്പെടുത്തിയത്.
മറവിരോഗം ബാധിച്ച ഭർത്താവിന്റെ ദൈന്യാവസ്ഥയാണ് കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ചതെന്നാണു ശാന്തകുമാരിയുടെ മൊഴി. ദമ്പതികൾ മാത്രമാണു വീട്ടിൽ കഴിഞ്ഞിരുന്നത്. മറവിരോഗം മൂലം പ്രഭാകരൻ നായർ വീട്ടിൽ നിന്നു പുറത്തിറങ്ങിപ്പോകുന്ന പതിവുണ്ടായിരുന്നു. ഗേറ്റ് പൂട്ടിയാൽ ചാടിക്കടക്കും. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ചൊവ്വാഴ്ച ഇങ്ങനെ പല തവണ പ്രഭാകരൻ നായർ വീട്ടിൽ നിന്നു പുറത്തേക്കു പോയി. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെയാണു തിരിച്ചെത്തിച്ചത്. രാത്രി 8.30ന് ഉറങ്ങിയ പ്രഭാകരൻ നായർ 11നു വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന ശാന്തകുമാരി മുറി തുറന്നത്. അപ്പോൾ പുറത്തു പോകണം എന്നാവശ്യപ്പെട്ടു ബഹളം വച്ചു. ബലമായി മുറിയിൽ നിന്നു പുറത്തേക്കു കടക്കാനുള്ള ശ്രമവും നടത്തി.
ഇതു തടയാനുള്ള ശ്രമത്തിനിടെ കിടക്കയിൽ വീണ പ്രഭാകരൻ നായരുടെ കഴുത്തിൽ തോർത്തു മുണ്ടു കെട്ടി മുറുക്കിയ ശേഷം ശാന്തകുമാരി മുറിക്കു പുറത്തു വന്നിരുന്നു. മരണം ഉറപ്പായതോടെ സ്വയം ജീവനൊടുക്കാനുള്ള തീരുമാനത്തിൽ പുലർച്ചെ 3ന് ശാന്തകുമാരി വീട്ടിലെ കിണറ്റിൽ ചാടി. നീന്തൽ അറിയുന്ന ശാന്തകുമാരി മോട്ടറിന്റെ പൈപ്പിൽ പിടിച്ചു മൂന്ന് മണിക്കൂർ കഴിച്ചുകൂട്ടി. ഇവരുടെ നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തി. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമെന്നു തെളിഞ്ഞു. മകൾ: സ്മിത. മരുമകൻ: ഉണ്ണി.റിട്ട. ഇഡി പോസ്റ്റ്മാനായിരുന്ന പ്രഭാകരൻ നായർ ഏറെക്കാലം ചെറുകുന്നത്ത് ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായിരുന്നു.
ഒന്നിച്ചും ഒരുമയോടെയും കഴിഞ്ഞ ദമ്പതികളായിരുന്നു പ്രഭാകരൻ നായരും ശാന്തകുമാരിയും. നാട്ടിലായാലും കുടുംബത്തിലായാലും വിശേഷ ദിവസങ്ങളിൽ ഒന്നിച്ചു മാത്രമേ ഇവരെ കാണാറുള്ളൂ എന്നു നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഈയിടെ ആലങ്ങാട് ചെറുകുന്നത്ത് ക്ഷേത്രത്തിൽ ആനയൂട്ടിനു രണ്ടുപേരും പങ്കെടുത്തിരുന്നു. പ്രഭാകരൻ നായർ ചെറുകുന്നത്ത് ഭഗവതി ക്ഷേത്രത്തിന്റെ വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
സന്തോഷത്തോടെ കഴിയേണ്ട വാർധക്യ കാലത്തു മറവിരോഗം പിടികൂടിയത് ഇവരുടെ ജീവിതം താളംതെറ്റിച്ചു. മരണം നടന്ന ചൊവ്വാഴ്ച ശ്രീകൃഷ്ണപുരം പൊലീസ് അസ്വാഭാവിക മരണത്തിനാണു കേസെടുത്തത്. പോസ്റ്റ്മോർട്ടത്തിലാണു കൊലപാതകമെന്നു സ്ഥിരീകരിച്ചത്.
മറവിരോഗികളെ പരിചരിക്കുമ്പോൾ
ഒരു ഗ്ലാസ് വെള്ളം കയ്യിൽ കൊടുത്താൽ ചുണ്ടിലേക്കു ചേർത്തു പിടിക്കാനോ വായിൽ നിന്നു വെള്ളമിറക്കാനോ പോലും കഴിയാത്തവരാണു പലപ്പോഴും മറവിരോഗികൾ. ജനിച്ചുവീണ കുഞ്ഞിനെ പരിചരിക്കുന്നതു പോലെയുള്ള പരിചരണമാണ് അവർക്ക് ആവശ്യം. മറവിരോഗികൾ വീട്ടിലുണ്ടെങ്കിൽ അവരുടെ അവസ്ഥ മനസ്സിലാക്കി കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന് ആദ്യം പരിശീലനം നൽകേണ്ടതു കുടുംബാംഗങ്ങൾക്കാണ്.
വീട്ടിൽ നിന്നു പുറത്തുപോയാൽ തിരികെ വരാനുള്ള വഴി ഉൾപ്പെടെ മറന്നുപോകുന്നവരുണ്ട്. മറവിരോഗത്തിന്റെ ആദ്യഘട്ടത്തിലുള്ളവരെ പരിചരിക്കുമ്പോൾ ചില മുൻകരുതലുകൾ എടുത്താൽ ഇത്തരം രോഗികളുടെ മറവിയുടെ തീവ്രത കുറയ്ക്കാനാകും. കുടുംബാംഗങ്ങൾ പലപ്പോഴും അവരുടെ രോഗാവസ്ഥ മറന്നുകൊണ്ടാവും പെരുമാറുക. ഇതു കുടുംബത്തിനുള്ളിൽ പലവിധ പ്രശ്നങ്ങൾക്കും ഇടയാക്കും. രോഗികളെക്കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിക്കണം.
ഇങ്ങനെ സംസാരിച്ചാൽ അവരുടെ ആശയവിനിമയ ശേഷി വർധിക്കും. രോഗം മനസ്സിലാക്കിക്കഴിഞ്ഞാൽ സാമൂഹിക ഇടപെടലുകളിൽ നിന്ന് അവരെ മാറ്റിനിർത്തരുത്. ഒരാൾക്കു തന്നെ എന്നും പരിചരിക്കാൻ കഴിയില്ല. പരിചരിക്കുന്നവർക്കു കൃത്യമായ ഇടവേളകളിൽ മാനസികോല്ലാസത്തിനുള്ള അവസരം ഒരുക്കണം. അല്ലെങ്കിൽ പരിചരിക്കുന്നവരുടെ മാനസിക സമ്മർദം വർധിക്കും.
മാറിമാറിയുള്ള പരിചരണമാണ് ആവശ്യം. കൃത്യമായ ഇടവേളകളിൽ രോഗികളെ ശുചിമുറിയിൽ കൊണ്ടുപോകണം. രോഗികൾ മനഃപൂർവമല്ല ഇങ്ങനെ പെരുമാറുന്നതെന്നു തിരിച്ചറിയണം. കുഞ്ഞുങ്ങളെ പരിചരിക്കുന്ന പോലെ ഇവരെ നോക്കുമ്പോഴും കുഞ്ഞുങ്ങൾ കാര്യങ്ങൾ പഠിച്ചെടുത്തു ചെയ്യുന്നതു പോലെ മറവിരോഗമുള്ളവർക്കു സാധിക്കില്ലെന്ന യാഥാർഥ്യം തിരിച്ചറിയണം.
പരിചാരകർ മറക്കാതിരിക്കാൻ
കാര്യങ്ങൾ ഓർമപ്പെടുത്തുന്നതിനായി ഡയറി, കുറിപ്പുകൾ, കലണ്ടർ, പോസ്റ്ററുകൾ എന്നിവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക.
അത്യാവശ്യം ഓർക്കേണ്ട കാര്യങ്ങൾ രോഗിയെ മൂന്നുനാലു തവണ ഓർമിപ്പിക്കുക.
സംഭാഷണങ്ങളിൽ നിന്ന് ഒഴിവാക്കുകയോ സംസാരമധ്യേ തടസ്സപ്പെടുത്തുകയോ ചെയ്യരുത്.
എല്ലാ ദിവസവും കൃത്യസമയത്തു രോഗിയെ ഉറക്കാൻ ശ്രമിക്കുക. ചിലർക്കു രാത്രി ഉറങ്ങാൻ കഴിയില്ല. മരുന്നു നൽകിയാലും ഉറങ്ങാൻ കഴിയാത്തവരുണ്ട്. ചികിത്സിക്കുന്ന ഡോക്ടറുടെ സഹായത്തോടെ ഇതിനുള്ള പരിഹാരം കണ്ടെത്തണം.
അവശ്യം ഉപയോഗിക്കേണ്ട സാധനങ്ങളുടെ പുറത്ത് അവയുടെ പേരുകൾ എഴുതിവയ്ക്കണം.
തെന്നിവീഴാൻ സാധ്യതയുള്ള കാർപെറ്റുകളും ചവിട്ടികളും ഒഴിവാക്കുക.
മരുന്നുകൾ സൂക്ഷിച്ചു വയ്ക്കുക, കൃത്യസമയത്ത് നൽകാൻ ശ്രദ്ധിക്കുക.
കിടപ്പുമുറിയിലും മറ്റിടങ്ങളിലും വെളിച്ചം വേണം