പുതുപ്പള്ളി. വോട്ടെടുപ്പില്‍ ആദ്യാവസാനം കണ്ടത് യുഡിഎഫിന്റെ തേരോട്ടം.
എട്ടു പഞ്ചായത്തിലും കനത്ത ഭൂരിപക്ഷം സ്വന്തമാക്കിയാണ് നിയമസഭയിലേക്കുള്ള ചാണ്ടി ഉമ്മൻ്റെ കന്നിയാത്ര.
സ്വന്തം ബൂത്തിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥി ജയ്ക് സി തോമസിന് ലീഡ് നേടാനായില്ല.
പോൾ ചെയ്ത വോട്ടിന്റെ 61 ശതമാനം സ്വന്തമാക്കിയാണ് ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം.
ഒരിടത്തു പോലും പിറകോട്ട് പോകാതെ എട്ടു പഞ്ചായത്തിലും തേരോട്ടം.
പാർട്ടി കോട്ടകളായിരുന്ന മണർകാടും പാമ്പാടിയും ജെയ്കിനെ കൈവിട്ടു.
മന്ത്രി വിഎൻ വാസവന്റെ ബൂത്തിലും ജയ്കിന്റെ സ്വന്തം ബൂത്തിലും പിന്നോട്ട്.
കനത്ത തോൽവിയിലും ആശ്വാസം മീനടം പഞ്ചായത്തിലെ 153-ാം ബൂത്ത്.
15 വോട്ടിന്റെ ലീഡാണ് ബൂത്തിൽ ജയ്കിന് കിട്ടിയത്.
തോൽവി അംഗീകരിക്കുന്നുണ്ടെങ്കിലും ചാണ്ടി ഉമ്മന്റെ അപ്രതീക്ഷിത ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഞെട്ടിത്തരിച്ചിരിക്കയാണ്.
അയർക്കുന്നത്ത് 2021ൽ യുഡിഎഫ് ലീഡ് 1293 ആയിരുന്നെങ്കിൽ ഇക്കുറി അത് 5433 ആയി ഉയർന്നു.
അകലക്കുന്നത്തും കൂരോപ്പടയിലും മീനടത്തും പുതുപ്പള്ളിയിലും ഇതേ ട്രൻഡ് പ്രതിഫലിച്ചു.പഞ്ചായത്തു തിരിച്ചുള്ള കണക്കിൽ ചാണ്ടി ഉമ്മന്‍റെ മുന്നേറ്റത്തിന് സമാനതയില്ല.
2021ലെ ഇടതു തരംഗത്തില്‍ ഉമ്മൻ ചാണ്ടിയെപ്പോലും വിരട്ടിയ പഞ്ചായത്തുകൾ ഇക്കുറി ആടിയുലയാതെ യുഡിഎഫിനൊപ്പം നിന്നു. മരിച്ച ഉമ്മന്‍ചാണ്ടി മഹാശക്തനെന്ന് ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തിയ ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളികണ്ടത്.