സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്ത ആഴ്ച

Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്ത ആഴ്ച പ്രഖ്യാപിക്കും. യൂണിറ്റിന് 20 പൈസ മുതല്‍ വര്‍ധനയുണ്ടാകും. ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് അവസാനിച്ച സാഹചര്യത്തിലാണ് റെഗുലേറ്ററി കമ്മിഷന്‍ നിരക്ക് വര്‍ധന പ്രഖ്യാപിക്കുക. ഇതിനിടെ, പുറത്തുനിന്നും കൂടുതല്‍വൈദ്യുതി വാങ്ങാന്‍ പുതിയ ടെണ്ടര്‍ ക്ഷണിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു.

2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള നിരക്ക്് വര്‍ധന റെഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടില്ല. തെളിവെടുപ്പ് ഉള്‍പ്പെടെ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഹൈടെന്‍ഷന്‍ എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ നിരക്ക് നിര്‍ണയ രീതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെ പ്രഖ്യാപനം നീണ്ടു. പെന്‍ഷന്‍ ഫണ്ടിലേക്ക് കെ.എസ്.ഇ.ബി മാറ്റിവയ്ക്കുന്ന തുക കൂടി ബാധ്യതയില്‍ ഉള്‍പ്പെടുത്തി നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചു.

ഇതോടെയാണ് നിരക്ക് വര്‍ധന പ്രഖ്യാപിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. ഹൈക്കോടതി വിധിയോടെ യൂണിറ്റിന് 17 പൈസ നിരക്ക് വര്‍ധനയില്‍ കുറയും. യൂണിറ്റിന് 47 പൈസ വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ യൂണിറ്റിന് 20 പൈസ മുതല്‍ വര്‍ധിപ്പിക്കാനാണ് കമ്മിഷന്റെ തീരുമാനമെന്നാണ് സൂചന. ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്ക് ഉണ്ടാകുമെന്നും കമ്മിഷന്‍ വിലയിരുത്തുന്നു.

ഇതിനിടെ വെദ്യുതി വാങ്ങാന്‍ പുതിയ ടെന്‍ഡര്‍ ക്ഷണിക്കാന്‍ കെ എസ് ഇ ബി നീക്കം തുടങ്ങി. കഴിഞ്ഞ ടെണ്ടറുകളില്‍ മതിയായ വൈദ്യുതി ലഭിക്കാത്തതോടെയാണിത്. ഒക്ടോബര്‍ മുതല്‍ അടുത്ത മെയ് വരെ ഓരോ മാസവും 200 മെഗാവാട്ടോളം വാങ്ങാനാണ് ആലോചന.