അമിതവേഗം: മതിലിൽ ഇടിച്ച ബൈക്ക് തോട്ടിലേക്കുവീണ് കത്തിനശിച്ചു; കോളജ് വിദ്യാർഥിക്ക് പരുക്ക്

Advertisement

അടൂർ: അമിതവേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച ബൈക്ക് സമീപത്തുള്ള തോട്ടിലേക്കു വീണ് കത്തി നശിച്ചു. ബൈക്ക് ഓടിച്ചിരുന്ന കോളജ് വിദ്യാർഥി പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് 4.30ന് ഏഴംകുളം–ഏനാത്ത് മിനി ഹൈവേയിൽ കരിങ്ങാട്ടിൽപ്പടിക്കു സമീപമാണ് അപകടം. കൈതപ്പറമ്പ് കെവിവിഎസ് കോളജിലെ ഡിഗ്രി അവസാന വർഷ വിദ്യാർഥി ഇടത്തിട്ട മണ്ണിൽവടക്കേതിൽ പ്രഫുലചന്ദ്രനാണ് (20) പരുക്കുകളോടെ രക്ഷപ്പെട്ടത്.

സംഭവമറിഞ്ഞ് ഓടിക്കൂടിയവർ വിദ്യാർഥിയെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനും മറ്റും പരുക്കേറ്റതിനാൽ തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പ്രഫുലചന്ദ്രൻ കോളജ് വിട്ടതിനു ശേഷം മിനി ഹൈവേയിലൂടെ ബൈക്കിൽ അമിത വേഗത്തിലുള്ള വരവാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് കരിങ്ങാട്ടിൽപ്പടി ഭാഗത്തിനു സമീപത്ത് എത്തിയപ്പോൾ റോഡിൽനിന്ന് നിയന്ത്രണം വിട്ട് കുതിച്ച് തോടിനു മുകളിലൂടെ പാഞ്ഞ് സമീപത്തുള്ള വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.

പ്രഫുലചന്ദ്രൻ ഓടയിലേക്ക് വീഴുകയും ബൈക്ക് തോട്ടിലേക്ക് മറിയുകയുമായിരുന്നു. തോട്ടിലേക്ക് വീണ സമയത്ത് ബൈക്കിനു തീപിടിക്കുകുകയും ചെയ്തു. അടൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും ബൈക്ക് ഭൂരിഭാഗവും കത്തി.കോളജ് വിദ്യാർഥികൾ മിനി ഹൈവേയിലൂടെ അമിത വേഗത്തിൽ ചീറിപ്പായുന്നത് പതിവാണെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.