കോഴിക്കോട്: താമരശേരി ചുങ്കത്ത് ഭിന്നശേഷിക്കാരന് നേരെ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം. കേള്‍വിക്ക് തകരാറുള്ള കെടവൂര്‍ സ്വദേശിയായ അബിന്‍ രാജിനെയാണ് സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി 12.30ന് ചുങ്കത്തെ ഹോട്ടലില്‍ ഭക്ഷണം വാങ്ങാന്‍ എത്തിയപ്പോഴാണ് അബിന്‍ രാജിനെ സംഘം മര്‍ദിച്ചത്.
അബിന്‍ രാജിന്റെ ശ്രവണ സഹായിയും അക്രമി സംഘം നശിപ്പിച്ചു. മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയായ മിച്ചഭൂമി സ്വദേശി അര്‍ജുന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. രാത്രി തന്നെ നാട്ടുകാര്‍ അര്‍ജുനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ഉടന്‍ വിട്ടയച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അര്‍ജുനെയും അക്രമിസംഘത്തെയും കൈകാര്യം ചെയ്യുകയും ചെയ്തു. അര്‍ജുന്റെ ബൈക്കും തല്ലിത്തകര്‍ത്തു. സംഭവത്തില്‍ പരുക്കേറ്റ അര്‍ജുനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അബിന്‍ രാജ് ആശുപത്രി വിട്ടു. കഴിഞ്ഞദിവസം ലഹരി സംഘത്തിനെതിരെ താമരശേരി അമ്പലമുക്കില്‍ ഡിവൈഎഫ്‌ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് സംഘം ഡിവൈഎഫ്‌ഐ കെടവൂര്‍ നോര്‍ത്ത് യൂണിറ്റ് ഭാരവാഹിയായ അബിന്‍ രാജിനെ മര്‍ദ്ദിച്ചത്.
താമരശേരി, കൊടുവള്ളി പ്രദേശങ്ങളില്‍ ലഹരി മാഫിയ പ്രവര്‍ത്തനം തടയാന്‍ പൊലീസിന് സാധിക്കാത്തതില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. അക്രമി സംഘത്തിലെ ഒരാളെ പിടികൂടിയെങ്കിലും വെറുതെ വിട്ടയച്ച പൊലീസ് നടപടി അപലനീയമാണ്. പ്രദേശങ്ങളിലെ ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.