ഫാന്‍ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; വൈദ്യുതി ലാഭിക്കാം; നിര്‍ദേശവുമായി കെ.എസ്.ഇ.ബി

Advertisement

തിരുവനന്തപുരം: രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കേരളം കടന്ന് പോവുന്നത്. മഴയുടെ ലഭ്യത കുറഞ്ഞതും ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നതും സൃഷ്ടിച്ച വൈദ്യുതി പ്രതിസന്ധി വരും നാളുകളില്‍ രൂക്ഷമാക്കാനാണ് സാധ്യത.

ഈയവസരത്തില്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറച്ച് പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങളും കൂടി സഹകരിക്കണമെന്നാണ് കെ.എസ്.ഇ.ബി നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വൈദ്യുതി ഉപഭാഗം കാര്യക്ഷമമാക്കുന്നതിന് ചില മാര്‍ഗനിര്‍ദേശങ്ങളും കെ.എസ്.ഇ.ബി മുന്നോട്ട് വെക്കുന്നുണ്ട്.

നാം നിത്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫാനുമായി ബന്ധപ്പെട്ടാണ് പുതിയ നിര്‍ദേശം. ഫാന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് കെ.എസ്.ഇ.ബി പറയുന്നു. സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന റെസിസ്റ്റീവ് റെഗുലേറ്ററുകള്‍ക്ക് പകരം ഇലക്ട്രോണിക് റെഗുലേറ്ററുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. അതില്‍ തന്നെ സ്റ്റെപ് ടൈപ്പ് റെഗുലേറ്ററുകളാണ് ഉത്തമം. കൂടാതെ ഫാനുകള്‍ കഴിയുന്നതും മീഡിയം സ്പീഡില്‍ ഉപയോഗിക്കുന്നതാണ് വൈദ്യുതി ഉപഭോ​ഗം കുറയ്ക്കുന്നതിന് നല്ലതെന്നും കെ.എസ്.ഇ.ബി നിര്‍ദേശിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഫാന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഒന്ന് ശ്രദ്ധിച്ചാല്‍ വൈദ്യുതിച്ചെലവ് നന്നായി നിയന്ത്രിക്കാന്‍ കഴിയും. നമ്മുടെ പലരുടെയും വീട്ടില്‍ സാധാരണ റെസിസ്റ്റീവ് റെഗുലേറ്ററുകളായിരിക്കും ഉണ്ടാവുക. ഇത്തരം റെഗുലേറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ വൈദ്യുതി ചൂടിന്റെ രൂപത്തില്‍ നഷ്ടപ്പെടും. എന്നാല്‍ ഇലക്ട്രോണിക് റെഗുലേറ്ററുകള്‍ ഉപയോഗിച്ചാല്‍ ഈ നഷ്ടം ഒഴിവാക്കാം. അതില്‍ത്തന്നെ, സ്റ്റെപ് ടൈപ്പ് റെഗുലേറ്ററുകളാണ് കൂടുതല്‍ ഉത്തമം.

60 വാട്‌സ് പവര്‍ റേറ്റിംഗുള്ള ഒരു സാധാരണ സീലിംഗ് ഫാന്‍ 8 മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ അര യൂണിറ്റ് വൈദ്യുതി ചെലവാകും. ഫാന്‍ കഴിയുന്നതും മീഡിയം സ്പീഡില്‍ ഉപയോഗിക്കുന്നതാണ് വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ നല്ലത്. പകല്‍ സമയത്ത് പരമാവധി ജനലും വാതിലുമൊക്കെ തുറന്നിടുന്നത് ഫാനിന്റെ ഉപയോഗം തന്നെ കുറയ്ക്കാന്‍ സഹായിക്കും.

ഇപ്പോള്‍ BLDC അഥവ Brushless DC ഫാനുകള്‍ വിപണിയില്‍ ലഭ്യമാണ്. അല്പം വില കൂടുതലാണെങ്കിലും വൈദ്യുതിച്ചെലവ് വലിയ തോതില്‍ ലഭിക്കാന്‍ കഴിയും.

Advertisement

1 COMMENT

  1. വൈദ്യുതി ഉപയോഗം കുറക്കാൻ, എല്ലാ വീടുകളിലും സോളാർ പാനലുകൾ പിടിപ്പിക്കുകന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുന്നതിന് സബ്‌സിഡി കിട്ടും. വിളക്കുകൾ,ഫാൻ,ഇൻഡക്ഷൻ കൂക്കർ, കെറ്റൽ , വാക്ഷിങ്ങ് മക്ഷീൻ, iron,ജീസർ, AC, TV, mixer, microwave oven, toaster, ഇന്നിവയുടെ ഉപയോഗം പരാമാവധി, കുറയക്കണം! ഫ്രിഡ്ജ് രാത്രിയിൽ ഓഫ് ആക്കണം.

Comments are closed.