വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലെ പ്രതിയായ ഡോക്ടർ മനോജിനെതിരെ പുതിയ പരാതിയില്‍ കേസ്

Advertisement

എറണാകുളം. ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിൽ ഡോക്ടർ മനോജിനെതിരെ പുതിയ പരാതിയിൽ സെൻട്രൽ പോലീസ് കേസെടുത്തു.2018ൽ ആശുപത്രിയിൽ വച്ച് തനിക്കും മനോജിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടു എന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് പുതിയ കേസ്.അമേരിക്കയിൽ ജോലി ചെയ്യുന്ന ഡോക്ടറാണ് ഇമെയിൽ മുഖേനെ പോലീസിന് പരാതി നൽകിയത്.അതേസമയം ഡോക്ടർ മനോജിനെതിരെയായ പരാതിയിൽ നടപടി എടുക്കാതെ ആരോഗ്യവകുപ്പ് ഒളിച്ചു കളിക്കുകയാണെന്ന ആരോപണവും ശക്തമാണ്

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസിയുടെ വനിതാ ഡോക്ടറെ ശരീരത്തിൽ കയറി പിടിക്കുകയും ചുംബിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ഡോക്ടർ മനോജിനെതിരെ നേരത്തെ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.ഈ കേസിൽ അറസ്റ്റ് തടയാൻ കോടതിയെ സമീപിച്ച മനോജ് മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനം ഉണ്ടാകുന്നതുവരെ അറസ്റ്റ് ഉണ്ടാകരുതെന്ന് ഉത്തരവും നേടിയെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് 2018 ഡോക്ടർ മനോജ് നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അമേരിക്കയിൽ നിന്ന് വനിതാ ഡോക്ടർ സെൻട്രൽ പോലീസിന് പരാതി നൽകിയത്.2018ലായിരുന്നു ആശുപത്രിയിൽ വച്ച് മോശം അനുഭവം ഉണ്ടായതെന്നും വനിതാ ഡോക്ടർ പറയുന്നു.

ഡോക്ടർ മനോജിനെതിരെ 2018 19 കാലയളവിൽ ആശുപത്രിയിൽ ജോലി ചെയ്ത കൂടുതൽ ഡോക്ടർമാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.തങ്ങൾക്കുണ്ടായ മോശം അനുഭവം സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവെച്ച കുറിപ്പുകളും പുറത്തുവന്നു. ഇതിനിടെ അമേരിക്കയിൽ നിന്ന് ലഭിച്ച പുതിയ പരാതിയിൽ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഈ വിവരം കോടതിയെ അറിയിക്കുമെന്നും സെൻട്രൽ പോലീസ് വ്യക്തമാക്കി. ആരോഗ്യവകുപ്പ് ഡോക്ടർ മനോജിനെതിരെ നടപടി സ്വീകരിക്കാതെ ഒളിച്ചു കളിക്കുകയാണെന്നും അന്വേഷണം പ്രഹസനം ആക്കിയതായും ആരോപണം ഉയരുന്നുണ്ട്.