തിരുവനന്തപുരം: കോണ്‍ഗ്രസ് ഇനി ഗണേഷ് കുമാറിനെ ചുമക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയതില്‍ ഗണേഷിന് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. പത്തനാപുരം പോയാലും കേരളം പോയാലും ഇനി ഗണേഷ് കുമാറിനെ ചുമക്കില്ല. കൂടെ നിന്നിട്ട് ഒടുവില്‍ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്‌കുമാര്‍ സിനിമയില്‍ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോള്‍ അതിലുപരി അയാള്‍ ജീവിതത്തില്‍ പകര്‍ന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മന്‍ ചാണ്ടി സാറിനോടായാലും, ഇപ്പോള്‍ അഭയം കൊടുത്ത പിണറായി വിജയോനാടായാലും.
നിരപരാധിയും നീതിമാനുമായ ഉമ്മന്‍ ചാണ്ടി സാറിനെ സോളാര്‍ കേസില്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ്‌കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലില്‍ യാതൊരു അത്ഭുതവുമില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. അത് എല്ലാവര്‍ക്കും അറിയുന്ന ഒരു സത്യമാണ്. ഉമ്മന്‍ ചാണ്ടി സാര്‍ മരണം വരെ മനസ്സില്‍ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്‌കുമാറിന്റെ പൊതുജീവിതം.
ഇപ്പോള്‍ ഇടയ്‌ക്കൊക്കെ സര്‍ക്കാര്‍ വിമര്‍ശനമൊമൊക്കെ നടത്തി യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്‌കുമാര്‍ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എംഎല്‍എ ആക്കാമെന്ന് ഏതേലും നേതാക്കള്‍ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.