കണ്ണൂർ: സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളും ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ബന്ധം വീണ്ടും ചർച്ചയാക്കി പി. ജയരാജന്റെ മകൻ ജയിൻ രാജിന്റെ ഫേസ്ബുക് പോസ്റ്റുകൾ. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിനെതിരെയാണ് പോസ്റ്റ്. അതിനിടെ, സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്നു വിശദീകരിച്ച് ഡിവൈഎഫ്ഐ ജയിൻ രാജിനെതിരെ രംഗത്തെത്തി.
പി ജയരാജന്റെ മകൻ ജയിൻ രാജ് ഇന്നലെ ആദ്യം ഫേസ്ബുകിൽ പങ്കുവെച്ചത് കിരൺ പാനൂരിന്റെ തെറിവിളി കമൻ്റായിരുന്നു. സിപിഎം ഏരിയ കമ്മറ്റി അംഗം കൂടിയായ കിരൺ ഒരു വർഷം മുൻപ് ഒരു പോസ്റ്റിനു താഴെ നൽകിയ മറുപടിയുടെ സ്ക്രീൻ ഷോട്ട്. ഭാവിയിൽ നയിക്കേണ്ടത് ഇവരൊക്കെയാണ് എന്ന കുറിപ്പോടെയായിരുന്നു അസഭ്യ വാക്കുകൾ കൂടി ചേർത്ത് ജയിൻ രാജിന്റെ പോസ്റ്റ്. പിന്നാലെ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ വിവാഹ ചടങ്ങിൽ കിരൺ പങ്കെടുത്ത ഫോട്ടോയും ജയിൻ പോസ്റ്റ് ചെയ്തു. മറ്റൊരു പ്രതി അജ്മൽനൊപ്പം കിരൺ 30 കി മീ അകലെ എത്തി ആയെങ്കിയുടെ വിവാഹത്തിൽ പങ്കെടുത്തത് ഒരു ബന്ധവും ഇല്ലാത്തത് കൊണ്ടായിരിക്കുമല്ലോ എന്നും ജയിനിന്റെ കുറിപ്പിൽ പറയുന്നു. ഇതോടെ പോസ്റ്റ് ചർച്ചയായി. വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം വീണ്ടും ഫേസ്ബുക്കിൽ പോരിൽ നിറഞ്ഞതോടെ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി വിശദീകരണവുമായി വാർത്താകുറിപ്പിറക്കി. പേരെടുത്തു പറയാതെ ജെയിൻ രാജിനെ വിമർശിച്ചാണ് വിശദീകരണം. നേതാക്കളെ താറടിച്ചു കാണിക്കാൻ ആസൂത്രിത ശ്രമം എന്ന് ഡിവൈഎഫ്ഐ പറയുന്നു. കിരൺ പാനൂരിന്റെ അശ്ലീല കമന്റിൽ ഒരു വർഷം മുൻപ് ഡിവൈഎഫ്ഐ നടപടി എടുത്തിരുന്നു. ഇപ്പോൾ ഇത് കുത്തിപ്പൊക്കിയത് കുബുദ്ധികളുടെ ദുഷ്ടലാക്ക് എന്നും ജയിനിന്റെ പേര് പറയാതെ പറഞ്ഞ് ഡിവൈഎഫ്ഐ വിശദീകരിക്കുന്നു. നേതാക്കൾക്കെതിരായ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക് പോസ്റ്റുകളിൽ ഡിവൈഎഫ്ഐ പ്രതിരോധത്തിൽ ആയിരുന്നു. ഇടവേളക്ക് ശേഷമാണ് ക്വട്ടേഷൻ ബന്ധങ്ങൾ ചർച്ചയാക്കി മുതിർന്ന നേതാവിന്റെ മകന്റെ പോസ്റ്റും ഡിവൈഎഫ്ഐയെ കുഴപ്പിക്കുന്നതും.