അപ്പ എന്നും വിശ്വസിച്ചതു പോലെ സത്യം വിജയിച്ചു’: സോളർ വിവാദത്തിൽ അച്ചു ഉമ്മൻ

Advertisement

കോട്ടയം: സോളർ കേസിലെ പുതിയ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ‘‘അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു’’ എന്ന് അച്ചു ഉമ്മൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിനു പിന്നാലെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കെ.ബി. ഗണേഷ്‌കുമാർ, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്,വിവാദ ദല്ലാൾ എന്നിവരെ ചുറ്റിപ്പറ്റിയാണ് വിവാദം. പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമെ അവർ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര് എഴുതിച്ചേർത്തതായായിരുന്നു കണ്ടെത്തൽ.

ഇതിനിടെ കെ.ബി.ഗണേഷ്‌കുമാറിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു. കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്‌കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ടെന്നും ആ റോൾ അതിലുപരി ജീവിതത്തിൽ പകർന്നാടിയിട്ടുണ്ടെന്നും രാഹുൽ വിമർശിച്ചത്.