കൊച്ചി: സോളാര്‍ പീഡനകേസില്‍ കെ ബി ഗണേഷ് കുമാറിന്റെ പേര് വലിച്ചിഴക്കേണ്ടതില്ലെന്ന് ശരണ്യ മനോജ്. പരാതിക്കാരി ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലെന്ന് സിബിഐക്ക് മൊഴിനല്‍കിയെന്നും ശരണ്യ മനോജ് മാധ്യമങ്ങളോട് പറഞ്ഞു .
പ്രദീപ് പരാതിക്കാരിയുടെ കൈയ്യില്‍ നിന്ന് കത്ത് വാങ്ങിക്കൊണ്ടുവന്നുവെന്നത് സത്യമാണെന്നും ശരണ്യ മനോജ് സ്ഥിരീകരിച്ചു.
ജയിലില്‍ നിന്ന് കത്ത് വാങ്ങിയത് പ്രദീപാണെന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞിട്ടാണ് കത്ത് വാങ്ങിയതെന്നുമായിരുന്നു മനോജിന്റെ പ്രതികരണം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച ശരണ്യ മനോജ് , സിബിഐ തന്റെ പേര് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തത് ആരാണെന്ന് അന്വേഷിക്കണമെന്നും ശരണ്യ മനോജ് ആവശ്യപ്പെട്ടു. ചില കാര്യങ്ങള്‍ താന്‍ തുറന്നു പറയും അത് വൈകില്ലെന്നും മനോജ് ഒരു ചാനലിനോട് പ്രതികരിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ ലൈംഗിക പീഡന കേസില്‍ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍, കേസില്‍ ഗൂഢാലോചന നടന്നതായി സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നു. പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദദല്ലാള്‍ നന്ദകുമാര്‍ എന്നിവരുടെ കേസിലെ ഇടപെടലിനെക്കുറിച്ചും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.