കുരുക്ക് മുറുകി ഗണേഷ് കുമാര്‍; എൽ ഡി എഫ് നിലപാട് കാത്ത് കേരളം, ആഞ്ഞടിക്കാൻ യുഡിഎഫ്

Advertisement

തിരുവനന്തപുരം: സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ടിനെ പിന്‍പറ്റി ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ പ്രതിരോധത്തിലായി കെ.ബി.
ഗണേഷ് കുമാര്‍. സര്‍ക്കാരിനെ വിമര്‍ശനമുനയില്‍നിര്‍ത്തി വിമതവേഷത്തില്‍ നില്‍ക്കുകയും, യു.ഡി.എഫിലേക്ക് കണ്ണുപായിച്ച്‌ അവസരം കാത്തിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതിനാല്‍, ഉമ്മന്‍ചാണ്ടിയെ ഒപ്പം നിന്ന് ചതിച്ച ഒറ്റുകാരനായി പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസിലെ യുവനിര ഗണേഷിനെതിരേ തിരിഞ്ഞപ്പോള്‍ രാഷ്ട്രീയകവചം തീര്‍ക്കാന്‍ സ്വന്തം മുന്നണിയായ എല്‍.ഡി.എഫും രംഗത്തില്ലാത്ത സ്ഥിതിയാണ്.

ഉമ്മന്‍ചാണ്ടി നല്‍കിയ ഔദാര്യമാണ് ഗണേഷിന്റെ പൊതുജീവിതമെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. കൂടെനിന്ന് ചതിക്കുന്നവന്റെ വേഷം ഗണേഷ് സിനിമയില്‍ ഒന്നിലേറെത്തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോള്‍ ജീവിതത്തിലും പകര്‍ന്നാടി എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം. ഗണേഷിനെതിരെയുള്ള ആരോപണത്തെക്കുറിച്ച്‌ അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന് പറഞ്ഞൊഴിയുകയാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ചെയ്തത്.

ഇടത് മുന്നണി ധാരണ പ്രകാരം ആൻറണി രാജു മന്ത്രി പദവി ഒഴിയുമ്പോൾ പകരം മന്ത്രിയാകേണ്ടയാളാണ് ഗണേഷ് കുമാർ.
കുടുംബ സ്വത്ത് വിവാദവുമായി ബന്ധപ്പെട്ട് ഗണേഷിൻ്റെ സഹോദരിയും ഗണേഷിനെതിരെ അടുത്തിടെ രംഗത്ത് വരികയും മന്ത്രി സ്ഥാനം നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഈ സന്ദർഭത്തിൽ ഗണേഷിൻ്റെ കാര്യത്തിൽ ഇടത് മുന്നണിഎന്ത് നിലപാട് തുടർന്ന് കൈക്കൊള്ളുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നത്.