ചാണ്ടി ഉമ്മന്‍ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു,പിതാവിന്‍റെ പാത പിന്തുടരും

Advertisement

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയില്‍ എത്തിയ ചാണ്ടി ഉമ്മന്‍ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
തന്റെ പിതാവ് സഭയില്‍ സംസാരിച്ചത് ജനങ്ങള്‍ക്കുവേണ്ടിയാണെന്നും താന്‍ പിതാവിന്റെ പാത പിന്തുടരുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ചോദ്യോത്തര വേളയ്ക്കു ശേഷം രാവിലെ 10 മണിക്കായിരുന്നു സത്യപ്രതിജ്ഞ. രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം അമ്മയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് ചാണ്ടി ഉമ്മന്‍ സഭയില്‍ എത്തിയത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും ഹസ്തദാനം നല്‍കി. തുടര്‍ന്ന് തനിക്ക് അനുവദിച്ച സീറ്റിലേക്ക് പോയി.

സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ നടക്കേണ്ടിയിരുന്ന ഫോട്ടോ സെഷന്‍ ഇന്നും മാറ്റിവച്ചു. എ.സി മൊയ്തീനും മറ്റു ചില അംഗങ്ങളും ഇന്ന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണിത്. സമ്മേളനത്തിന്റെ തുടക്കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഫോട്ടോ സെഷന്‍ മാറ്റിവച്ചത്.

സോളാര്‍ കേസില്‍ സിബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് ആണ് സത്യപ്രജ്ഞയ്ക്കു ശേഷം സഭ ആദ്യം പരിഗണിച്ചത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.