സ്ഥിരം ക്ഷണിതാവാക്കിയതില്‍ നന്ദി, 19 വര്‍ഷം മുമ്ബ് പ്രവര്‍ത്തിച്ച അതേ പദവിയാണ് ഇതെന്ന് ചെന്നിത്തല

Advertisement

തിരുവനന്തപുരം: പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ മനോവിഷമം ഉണ്ടാക്കിയെന്നും എന്നാല്‍ ഒരു പദവിയുമില്ലെങ്കിലും താന്‍ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

വിഷമം ഉണ്ടായത് സത്യമാണെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ചില അസ്വാഭാവികത തോന്നിയെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനം വിട്ട ശേഷം രണ്ടുവര്‍ഷമായി പാര്‍ട്ടിയില്‍ ഒരു പദവിയും ഇല്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ സ്ഥിരം ക്ഷണിതാവാക്കിയതില്‍ നന്ദിയുണ്ടെന്നും 19 വര്‍ഷം മുമ്ബ് പ്രവര്‍ത്തിച്ച അതേ പദവിയാണ് ഇതെന്നും പറഞ്ഞു. പാര്‍ട്ടിയില്‍ വ്യക്തിപരമായ സ്ഥാനങ്ങള്‍ക്കല്ല പ്രാധാന്യമെന്നും പാര്‍ട്ടിയെ താന്‍ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടി ജീവശ്വാസമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കേരളത്തില്‍ നിന്നും ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ യോഗ്യതയുള്ളവരാണെന്നും പറഞ്ഞു.

കോണ്‍ഗ്രസ് വലിയ ഉത്തരവാദിത്വങ്ങള്‍ മുമ്ബ് തന്നിട്ടുണ്ട്. അന്ന് പാര്‍ട്ടിക്ക് വേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും തികഞ്ഞ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും വിനിയോഗിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം മാറിയ ശേഷം പാര്‍ട്ടിക്ക് വേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയും 24 മണിക്കൂറുകളും പ്രവര്‍ത്തിച്ചു. ഈ അഴിമതി സര്‍ക്കാരിനെ തുറന്നുകാട്ടാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നടപടികള്‍ക്ക് എതിരേയും പ്രവര്‍ത്തിക്കാന്‍ തനിക്ക് പദവിയുടെ കാര്യമില്ല.

പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ തന്നേക്കാള്‍ ജൂനിയറായ ആള്‍ക്കാര്‍ക്ക് പ്രധാന്യം നല്‍കിയപ്പോള്‍ ഉണ്ടായ സ്വാഭാവിക മനോവിഷമം ആയിരുന്നെന്നും എന്നാല്‍ തന്റെ വ്യക്തിത്വത്തിന് പ്രസക്തിയില്ലെന്നും ഒരു പദവിയിലും ഇല്ലെങ്കിലും പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. കോണ്‍ഗ്രസുകാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒളിച്ചോടുന്നവര്‍ അല്ലെന്നും പറയാനുള്ളത് പറയുമെന്നും അത് ഹൈക്കമാന്റിന്റെ ധരിപ്പിക്കുമെന്നും പറഞ്ഞു. 16 ന് ചേരുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കുമെന്നും പറഞ്ഞു.

പുതുപ്പള്ളിയിലെ വിജയത്തില്‍ അഭിമാനിക്കുന്നു എന്നും അതില്‍ ചെറിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും പറഞ്ഞു. 20 ദിവസം തുടര്‍ച്ചയായി പുതുപ്പള്ളി മണ്ഡലത്തില്‍ ചെലവഴിച്ച് ചാണ്ടി ഉമ്മന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. തന്റെ സുഹൃത്തായ ഉമ്മന്‍ചാണ്ടിയുടെ മകന്റെ വിജയത്തിനായി പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിറവേറ്റാനുമായി കോട്ടയത്തെ മൂന്‍ എംപി എന്ന നിലയില്‍ പുതുപ്പള്ളിയിലെ ജനങ്ങളുമായുള്ള ബന്ധം ഉപയോഗിക്കാനും കഴിഞ്ഞതായും രമേശ് ചെന്നിത്തല പറഞ്ഞു.

വിജയത്തില്‍ അഹങ്കരിക്കാനില്ലെന്നും തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും കൂറ്റന്‍ വിജയങ്ങള്‍ കോണ്‍ഗ്രസിന് കൂടുതല്‍ ഉത്തരവാദിത്വം നല്‍കിയിരിക്കുകയാണ് എന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.