മാസപ്പടി, മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണത്തിൽ തെളിവുണ്ടോയെന്ന് ഹൈക്കോടതി

Advertisement

കൊച്ചി.മാസപ്പടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണത്തിൽ തെളിവുണ്ടോയെന്ന് ഹൈക്കോടതി. അന്വേഷണ ആവശ്യത്തില്‍ വാദം സാധൂകരിക്കാന്‍ കീഴ്ക്കോടതിയിലെ ഉൾപ്പെടെ എല്ലാ വിധിയുടെയും പകര്‍പ്പ് ഹാജരാക്കണമെന്ന് ഹര്‍ജിക്കാരന് ഹൈക്കോടതി നിര്‍ദേശം നൽകി. എതിര്‍കക്ഷികളെ വിചാരണ നടത്താന്‍ അനുമതിയുണ്ടോയെന്നും നിയമ വിരുദ്ധമായ സ്വാധീനത്തിന് തെളിവുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.

സിഎംആര്‍എല്‍ ഒപ്പിട്ട കരാര്‍ വഴിയുള്ള അനര്‍ഹനേട്ടം എന്തെന്ന് വ്യക്തമാക്കണം. തെളിവുകളുടെ അടിസ്ഥാനത്തിലാവണം ആരോപണം ഉന്നയിക്കേണ്ടതെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി. ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കും മറ്റ് വിവിധ രാഷ്ട്രീയ നേതാക്കൾക്കുമെതിരെ നൽകിയ ഹർജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ പരാതിക്കാരൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.