മണ്ണൂര്‍ക്കാവ്‌ ക്ഷേത്രത്തില്‍ ഏഴ്‌ ദിവസം നീണ്ടുനില്‍ക്കുന്ന കഥകളി മഹോത്സവത്തിന്‌ തുടക്കമായി

Advertisement

ശാസ്‌താംകോട്ട: മണ്ണൂര്‍ക്കാവ്‌ ക്ഷേത്രത്തില്‍ കഥകളി മഹോത്സവത്തിന്‌ തുടക്കമായി. ഏഴ്‌ ദിവസം നീണ്ടു നില്‍ക്കുന്ന കഥകളി മഹോത്സവം കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ പി കെ ഗോപന്‍ ഉദ്‌ഘാടനം ചെയ്‌തു.

ക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടിയില്‍ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ കെ ഗോപിനാഥന്‍ പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ അനില്‍ എസ്‌ കല്ലേലിഭാഗം മുഖ്യപ്രഭാഷണം നടത്തി. ശാസ്‌താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ അന്‍സര്‍ ഷാഫി കഥകളി ആചാര്യ ആദരണം നടത്തി.

ശ്രീകുമാര്‍ കുരുമ്പോലില്‍, ഡിസിസി ജനറല്‍ സെക്രട്ടറി കല്ലട ഗിരീഷ്‌, വ്യാസ കഥകളി ക്ലബ്ബ്‌ അംഗം ഡോ കണ്ണന്‍ കന്നേറ്റി, പ്രൊഫ. എസ്‌ അജയന്‍, പന്നിശ്ശേരി കഥകളി ക്ലബ്ബ്‌ അംഗം ചിറക്കല്‍ ശ്രീഹരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്ഷേത്രഭരണസമിതി വൈസ്‌ പ്രസിഡന്റ്‌ ശ്രീശൈലം ശിവന്‍പിള്ള കൃതജ്ഞത രേഖപ്പെടുത്തി.

തുടര്‍ന്ന്‌ സന്താനഗോപാലം കഥകളി അരങ്ങേറി, മാര്‍ഗ്ഗി വിജയകുമാര്‍, കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം സുദീപ്‌ എന്നിവരായിരുന്നു അരങ്ങത്ത്‌,

വരും ദിവസങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം അഞ്ചരമുതല്‍ കല്യാണസൗഗന്ധികം, നളചരിതം ഒന്നാംദിവസം, കര്‍ണ്ണശപഥം, ഉത്തരാസ്വയംവരം, തുടങ്ങിയ കഥകള്‍ അരങ്ങിലെത്തും. ശനിയാഴ്‌ച മൂന്ന്‌ മണിക്ക്‌ കഥകളിയിലെ സമകാലീനത എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും, തുടര്‍ന്ന്‌ അര്‍ജുന വിഷാദ വൃത്തം കഥകളിയും അരങ്ങേറും,

ഞായറാഴ്‌ച രാവിലെ എട്ടിന്‌ ചൊല്ലിയാട്ടം നടക്കും. വൈകിട്ട്‌ നാലിന്‌ കഥകളി സമാപന സഭ നടക്കും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്‌ഘാടനം നിര്‍വഹിക്കും, തുടര്‍ന്ന്‌ നിഴല്‍ക്കുത്ത്‌ കഥകളിയും അരങ്ങേറും,

മണ്ണൂര്‍ക്കാവ്‌ കഥകളി കേന്ദ്രത്തില്‍ നിന്ന്‌ കഴിഞ്ഞ സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുത്ത്‌ കഥകളി വേഷത്തിലും അഷ്ടപദിയിലും എ ഗ്രെയ്‌ഡ്‌ നേടിയ അഞ്‌ജലി കൃഷ്‌ണ, ഓട്ടം തുള്ളലില്‍ എ ഗ്രെയ്‌ഡ്‌ നേടിയ ദേവദത്തന്‍ എന്നിവരെ സമാപന സഭയില്‍ മന്ത്രി ആദരിക്കും,

മണ്ണൂര്‍ക്കാവ്‌ കഥകളി മഹോത്സവത്തില്‍ പങ്കെടുക്കുന്ന കഥകളി ആചാര്യന്‍മാരെ അതത്‌ ദിവസം ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്‌.