‘മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവർക്ക് പങ്കാളിത്തം’; എഐ ക്യാമറ അഴിമതി സഭയിലുന്നയിച്ച് പ്രതിപക്ഷം

Advertisement

തിരുവനന്തപുരം : എഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നാണ് ആരോപണം. രേഖകളുണ്ടെന്നും അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പി. സി വിഷ്ണുനാഥ് സഭയെ അറിയിച്ചു.

മോഷ്ടിക്കാൻ ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ധനവകുപ്പ് ഉത്തരവിന് വിരുദ്ധമായി വ്യവസായ വകുപ്പ് പദ്ധതി കെൽട്രോണിന് നൽകി. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആർഐടിയെ പദ്ധതി ഏൽപ്പിച്ചു. ടെണ്ടർ വ്യവസ്ഥകളെല്ലാം മറികടന്നാണ് കരാറും ഉപകരാറുകളും നൽകിയത്. 60 ശതമാനത്തോളമായിരുന്നു നോക്കുകൂലി. മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവർക്ക് എഐ ക്യാമറ അഴിമതിയിൽ പങ്കാളിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ടെല്ലാം രേഖകളുണ്ട്. സമയം അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പ്രതിപക്ഷം സഭയെ അറിയിച്ചു.

എന്നാൽ മുഖ്യമന്ത്രിയുടെ മകനെതിരായ പരാമർശം സഭയിൽ ഭരണ പക്ഷത്തിന്റെ ഭാഗത്ത് നിന്നും എതിർപ്പുണ്ടാകാനിടയാക്കി. മുഖ്യമന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട പരാമർശം സഭാരേഖയിൽ നിന്ന് നീക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്നായിരുന്നു ഇക്കാര്യത്തിൽ സ്പീക്കറുടെ മറുപടി.