ന്യൂ ഡെൽഹി : തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മതചിഹ്നങ്ങളുപയോഗിച്ച് വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിന് എതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ കെ.ബാബു നല്‍കിയ അപ്പീലാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. ഹര്‍ജിക്കാരനായ കെ ബാബു അനന്തമായി കേസ് നീട്ടുന്നുവെന്ന് എം സ്വരാജ് നേരത്തെ സുപ്രീംകോടതിയില്‍ ആക്ഷേപമുന്നയിച്ചിരുന്നു.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്ന് എം സ്വരാജ് കോടതിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റിയത് സെപ്റ്റംബര്‍ നാലിനാണ്. കെ ബാബുവിന്റെ അഭിഭാഷകന്റെ ആവശ്യം കണക്കിലെടുത്താണ് അപ്പോള്‍ കേസ് മാറ്റിയത്. ഈ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്.