തൃശ്ശൂര്‍. വീണ്ടും കാട്ടാന ആക്രമണം.തൊഴിലാളിക്ക് പരുക്കേറ്റു.
പാലപ്പിള്ളി കുണ്ടായി റബ്ബർ എസ്റ്റേറ്റിലാണ് സംഭവം.ആനയുടെ ആക്രമണത്തില്‍
എസ്റ്റേറ്റിലെ വാച്ചറും തോട്ടം തൊഴിലാളിയുമായ 58 വയസ്സുള്ള അയ്യപ്പന് പരിക്കേറ്റു. ഇന്നലെ ഉച്ചക്കാണ് സംഭവം.നാല് ആനകളാണ് തോട്ടത്തിലേക്ക് ഓടിയെത്തിയതെന്ന് പറയുന്നു. ആനകൾ വരുന്നത് കണ്ട് ഓടിമാറുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ആന തുമ്പികൊണ്ട് അയ്യപ്പനെ അടിക്കുകയായിരുന്നു. കൈക്കും മുഖത്തും പരിക്കേറ്റ അയ്യപ്പനെ
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തോട്ടത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ചേർന്നാണ് അയ്യപ്പനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്ത് 25 ഓളം കാട്ടാനകൾ ഇറങ്ങി ഭീതി പരത്തിയിരുന്നു.
കൂട്ടത്തോടെ കാടിറങ്ങി ജനവാസ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാനകളെ കാടുകയറ്റാൻ വനപാലകർ ഇടപെടണമെന്നാണ് നാട്ടുകാരുടേയും തോട്ടം തൊഴിലാളികളുടേയും ആവശ്യം.