തിരുവനന്തപുരം .കാട്ടാക്കട പൂവച്ചലിൽ പത്താം ക്ലാസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ്. കൊലപാതകമല്ല അപകടമാണ് സംഭവിച്ചതെന്ന് പ്രതി പ്രിയരഞ്ജൻ തെളിവെടുപ്പിന്റെ പൊലീസിനോട് പറഞ്ഞു. കുടുംബത്തെ അപമാനിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രിയരഞ്ജൻ്റെ ഭാര്യയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുവെന്ന് ആദിശേഖറിന്റെ കുടുംബത്തിൻ്റെ ആരോപണം.
രാവിലെ 10.30 ഓടെയാണ് പ്രതി പ്രിയരഞ്ജനെ പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ആയിരുന്നു തെളിവെടുപ്പ്. മൂന്ന് മിനിറ്റ് സമയം കൊണ്ട് പ്രാഥമിക തെളിവെടുപ്പ് നടപടികൾ പൂർത്തീകരിച്ച് പ്രതിയുമായി മടങ്ങി. തെളിവെടുപ്പ് നാട്ടുകാർ അറിഞ്ഞിട്ടില്ലാത്തതിനാൽ പ്രതിക്കെതിരെ പ്രതിഷേധം ഉണ്ടായില്ല. ആക്സിലേറ്ററിൽ കാൽ അമർന്ന് പോയതെന്ന് തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് പറഞ്ഞു. മറ്റു നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. ശേഷം നാളെയോടെ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലും.
സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ കുടുംബത്തെ അപമാനിക്കാൻ പ്രിയരഞ്ജന്റെ ഭാര്യ ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി ആദിശേഖറിന്റെ കുടുംബം രംഗത്തെത്തി.
കഴിഞ്ഞമാസം 30 നായിരുന്നു പത്താം ക്ലാസുകാരനായ ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്. ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതായിരുന്നു വൈരാഗ്യ കാരണം.