തിരുവനന്തപുരം. ഉഴമലയ്ക്കലിൽ ബസ് സ്റ്റോപ്പിലേക്ക് ലോറി ഇടിച്ചുകയറി ഒരാൾ മരിച്ചു. എലിയാവൂർ സ്വദേശി ഷീലയാണ് മരിച്ചത്. സ്കൂൾ ബസ് കാത്തുനിന്ന മൂന്ന് വിദ്യാർത്ഥികൾക്കും ഒരു സ്ത്രീയ്ക്കും പരിക്കേറ്റു. അപകടശേഷം ഓടി രക്ഷപ്പെട്ട ഡ്രൈവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
ഉഴമലയ്ക്കൽ എലിയാവൂരിൽ രാവിലെ 9മണിക്കാണ് അപകടം. ശാന്തിഗിരി ബസ് സ്റ്റോപ്പിൽ സ്കൂൾബസ് കാത്തുനിൽക്കുകയായിരുന്നു ഉഴമലയ്ക്കൽ സ്കൂൾ വിദ്യാർത്ഥികളായ വൈദ്യ, വൈഗ, ദിയ എന്നിവർ. ദിയയുടെ ‘അമ്മ ധന്യയും വൈദ്യ വൈഗ എന്നിവറുടെ അച്ഛന്റെ ‘അമ്മ ഷീലയും ഒപ്പമുണ്ടായിരുന്നു. ഈ സമയം നെടുമങ്ങാട് നിന്ന് ആര്യനാടേക്ക് വന്ന ലോറി നിയന്ത്രണം വിട്ട് ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയക്കുകയായിരുന്നു. ലോറി ഇടിച്ച് മുറിഞ്ഞുവീണ മരത്തിന്റെ അടിയിൽ പെട്ട ഷീല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ധന്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് കാര്യമായ പരിക്കുകളില്ല. അപകടമുണ്ടായ ഉടൻ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ളീനർ ദിലീപിനെ ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കായി അന്വേഷണം ഊര്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.