കൊച്ചി:
ആലുവയിൽ 5 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണയുടെ പ്രാരംഭ നടപടികൾ ചൊവ്വാഴ്ച ആരംഭിച്ചു. എറണാകുളം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന്‍റെ വിചാരണ ഈ മാസം 16ന് ആരംഭിക്കും.
ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി പ്രതി അഫ്സാക് ആലത്തിനു മേൽ ചുമത്തിയ കേസുകൾ നിലനിൽക്കുമോ എന്നതിൽ പ്രാഥമിക വാദം കേട്ടു. 10 വകുപ്പുകളും നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ എന്നീ വകുപ്പുകൾ നിലനിൽക്കിലെന്ന് പ്രതിഭാഗം വാദിച്ചു.
സംഭവം നടന്ന് 35-ാം ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ പൂർത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പ്രോസിക്യൂഷന്‍റെ ശ്രമം. കേസിൽ 99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 62 തൊണ്ടി സാധനങ്ങളും സമർപ്പിച്ചിട്ടുണ്ട്.
കേസ് പരിഗണിക്കുന്ന 16-ാം തീയതി കുറ്റപത്രം പ്രതിയെ വായിച്ചു കേൾപ്പിക്കും. വിചാരണയിൽ പ്രതിക്കും സാക്ഷികൾക്കുമായി പരിഭാഷാ സാഹായം നൽകാനും തീരുമാനമായി.