തിരുവനന്തപുരം. കിളിമാനൂരിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കോൺഗ്രസ് അംഗം കയ്യേറ്റം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണനെയാണ് കയ്യേറ്റം ചെയ്തത്. സംഭവത്തിൽ കുറ്റാരോപിതനായ ജിഹാദിനെതിരെ പോലീസിൽ പരാതി നൽകി.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിയ ജനറൽ മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇവർ തമ്മിലുള്ള പ്രശ്നം ഉടലെടുത്തത്.ശ്രീജയുടെ പിതാവിനെ ജിഹാദ് ആക്ഷേപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തിനാണ് ഇയാൾ ശ്രീജയെ കയ്യേറ്റം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ത്യക്കോവിൽ വട്ടം ഡിവിഷൻ കോൺഗ്രസ് പ്രതിനിധിയാണ് ജിഹാദ്. പിതാവിനെ ആക്ഷേപിച്ചപ്പോൾ ഇനി ഇതാവർത്തിക്കരുതെന്ന് ശ്രീജ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് മറുപടിയെന്നോണം ഇയാൾ ശ്രീജയെ അസഭ്യം പറയുകയും കൈയ്യിൽ കയറി പിടിച്ച് ആക്രമിക്കുകയും ചെയ്തു വെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം വൈസ് പ്രസിഡന്റ് കിളിമാനൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. നിലവിൽ കേശവപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരിക്കുകയാണ് പരിക്കേറ്റ യുവതി.