തിരുവനന്തപുരം:
കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും ആശങ്ക. വവ്വാല്‍ ദേഹത്തിടിച്ചതായി പറഞ്ഞ ബിഡിഎസ് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി വവ്വാല്‍ ശരീരത്തില്‍ ഇടിച്ചത് സഹപാഠികളോട് പറഞ്ഞതാണ് പരിഭ്രാന്തിക്കിടയാക്കിയത്. കടുത്ത പനി അനുഭവപ്പെടുന്ന വിദ്യാര്‍ഥിയുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചു
അതേസമയം, നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആരോഗ്യസംഘം ഇന്നെത്തും. ഇതിനൊപ്പം പുണെയില്‍ നിന്നുള്ള സംഘവും ചെന്നൈയില്‍ നിന്നുളള സംഘവും ഉച്ചയോടെ എത്തിച്ചേരും. നിലവില്‍ നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ ചികില്‍സയിലാണ്. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക വിപുലപ്പെടുമെന്ന് ഉറപ്പായി. ഇതുവരെ 168 പേരാണ് പട്ടികയില്‍ ഉള്ളത്.