കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍അന്വേഷണം വിപുലമാക്കി ഇഡി

Advertisement

കൊച്ചി.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ അന്വേഷണം വിപുലമാക്കി ഇഡി.
എ സി മൊയ്തീന്റെ ശുപാര്‍ശയില്‍ വായ്പ തരപ്പെടുത്തിയവരില്‍ നിന്നും തെളിവ് ശേഖരിക്കും. പട്ടിക തയ്യാറാക്കി ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.
അതേസമയം കരുവന്നൂരില്‍ സിബിഐ അന്വേഷണത്തിന് കൂടി വഴിതെളിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കരുവന്നൂരില്‍ താനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് മാത്രമാണ് വായ്പ തരപ്പെടുത്തി നല്‍കിയിട്ടുള്ളതെന്നാണ് എ സി മൊയ്തീന്‍ ഇഡിക്ക് മൊഴി നല്‍കിയത്. വായ്പാ തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ പി.സതീഷ്കുമാറിനെ അറിയില്ലെന്നും മൊയ്തീന്‍ നിലപാടെടുത്തു. ഇതോടെയാണ് എ സി മൊയ്തീന്റെ ശുപാര്‍ശയില്‍ വായ്പ തരപ്പെടുത്തിയവരില്‍ നിന്നും തെളിവ് ശേഖരിക്കാന്‍ ഇഡി തീരുമാനിച്ചത്. പട്ടിക തയ്യാറാക്കി ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. ഇതിനിടെ കേസില്‍ പി.സതീഷ്കുമാറിന്റെ കളക്ഷന്‍ ഏജന്റ് ജിജോറിനെ പ്രധാന സാക്ഷിയാക്കാന്‍ ഇഡി നീക്കമാരംഭിച്ചിട്ടുണ്ട്. സിപിഎം നേതാക്കളുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പേര് വെളിപ്പെടുത്തിയത് ജിജോര്‍ ആണ്.

അതേസമയം കരുവന്നൂരില്‍ സിബിഐ കൂടി അന്വേഷണത്തിനെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ അന്വേഷണ കാര്യത്തില്‍ തീരുമാനമുണ്ടാകും. കേസിലെ പരാതിക്കാരന്‍ സുരേഷ്കുമാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

Advertisement