ഗ്രോ വാസുവിനെ വെറുതെ വിട്ടു: ഒന്നര മാസം ജയിലിൽ; ജാമ്യമെടുത്തില്ല, പിഴയടച്ചില്ല

Advertisement

കുന്നമംഗലം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ഒന്നരമാസമായി ഗ്രോ വാസു ജയിലിലാണ്.

2016 നവംബറിൽ നിലമ്പൂർ കരുളായി വനത്തിൽ രണ്ട് മാവോവാദികൾ വെടിയേറ്റു മരിച്ച സംഭവത്തിൽ ഇരുവരുടെയും മൃതദേഹമെത്തിച്ച കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ തടിച്ചുകൂടി മാർഗതടസ്സം സൃഷ്ടച്ചു എന്നാണ് ഗ്രോ വാസുവിനെതിരായ കേസ്. ഏഴ് വർഷത്തിനു ശേഷം ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിനു കുന്നമംഗലം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചെങ്കിലും, ഭരണകൂടത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ പിഴയടയ്ക്കാനോ രേഖകളിൽ ഒപ്പുവയ്ക്കാനോ തയാറാവാതെ ജയിൽവാസം തിരഞ്ഞെടുത്തു.

ഗ്രോ വാസുവിന് എതിരെ പൊലീസ് എടുത്ത കേസ് കോടതി തള്ളി. ഐപിസി 283, 143, 147 വകുപ്പുകൾ പ്രകാരം കേസ് നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി. വിഡിയോ കോൺഫറൻസ് വഴിയാണു കോടതി വിധി പറഞ്ഞത്. 20 പേരാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 17 പേരെയും കോടതി നടപടികളുമായി സഹകരിച്ചതിനാൽ നേരത്തേ വിട്ടയച്ചിരുന്നു. രണ്ടു പേരെ 200 രൂപ പിഴയടപ്പിച്ചും കോടതി വിട്ടയച്ചു. ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയാറായില്ല. തുടർന്ന് റിമാൻഡ് ചെയ്തു കോഴിക്കോട് സബ് ജയിലിലേക്കു മാറ്റുകയായിരുന്നു.

Advertisement